ചങ്ങനാശേരി: നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്ര സന്നിധിയിൽ ലളിതമായ ചടങ്ങുകളോടെ നീലംപേരൂർ പൂരം ആറാം ദിവസം പിന്നിട്ടു. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് പൂരം നടക്കുന്നത്. പെരുമരത്തിന്റെ കൊമ്പിൽ ചെത്തിപ്പൂ തൂക്കിയിടുന്ന കുടപ്പൂമരം, മുത്തുക്കുടയുടെ രീതിയിൽ അലങ്കരിച്ച തട്ടുകുട എന്നിവ പടയണികളത്തിൽ എത്തി. പച്ചമടൽ പോള കൊണ്ട് വളയമുണ്ടാക്കി പല തട്ടുകളിലായി കെട്ടിത്തൂക്കി മരക്കമ്പിൽ പൊക്കിയെടുക്കുന്ന പാറവളയം ഇന്ന് പടയണികളത്തിൽ എത്തും. 8ന് കുടനിർത്ത് ചടങ്ങോടെ രണ്ടാംഘട്ടം അവസാനിക്കും. കൊവിഡ് നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മൂന്നാം ഘട്ടത്തിൽ പ്ലാവിലക്കോലങ്ങൾ. 9 ന് താപസക്കോലം എഴുന്നള്ളിക്കും. 10, 11, 12 തീയതികളിൽ ആന, ഹനുമാൻ, ഭീമസേനൻ എന്നീ പ്ലാവിലക്കോലങ്ങൾ എത്തും. നാലാം ഘട്ടത്തിൽ പിണ്ടിയും കുരുത്തോലയും. 13, 14 തീയതികളിൽ കൊടിക്കൂറ, 15 ന് കാവൽ പിശാച്, 16 ന് അമ്പലക്കോട്ട, 17 ന് സിംഹം എന്നിവ പടയണിക്കളത്തിൽ എത്തും. 17 ന് അർധരാത്രിക്കു ശേഷം അരിയും തിരിയും വയ്ക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.