കോട്ടയം: കരിപ്പൂരിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചത് മുസ്ളീം ലീഗിലേയും സി.പി.എമ്മിലേയും നേതാക്കളുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. ആക്രമണം യാദൃശ്ചികമല്ല. ഗൂഢാലോചനയുണ്ട്. ബി.ജെ.പി-ബി.ഡി.ജെ.എസ് കോർകമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കേന്ദ്ര ഏജൻസിയെ ആക്രമിച്ചിട്ടും സംസ്ഥാന പൊലീസ് നടപടിയെടുക്കാതിരുന്നത് ഗൗരവതരമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ച സംഭവത്തിലും ആഭ്യന്തര വകുപ്പും നാർക്കൊട്ടിക് വിഭാഗവും അന്വേഷണം നടത്താതിരുന്നത് ദുരൂഹമാണ്. ബംഗ്ളൂരിലെ മയക്കുമരുന്ന് റാക്കറ്റുമായി സംഭവത്തിന് ബന്ധമുണ്ട്. കഞ്ചാവ് മാഫിയയ്ക്ക് മുകളിൽ നർക്കോട്ടിക് വിഭാഗം അടയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കോർകമ്മിറ്റിയിൽ ചർച്ച ചെയ്തതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നാൽ മുന്നണിയോഗം ചേർന്ന് കുട്ടനാട്ടിലും ചവറയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മികച്ച വിജയമുണ്ടാവും. സംസ്ഥാന സർക്കാരിനെതിരെ എൻ.ഡി.എയുടെ നേതൃത്വത്തിൽ ജില്ലാ മണ്ഡലാടിസ്ഥാനത്തിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖൻ, പി.കെ.കൃഷ്ണദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ട്രഷറർ എ.ജി.തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോർ കമ്മിറ്റി.