tht

കോട്ടയം : കിഫ്ബിയുടെ തണലിൽ പണിതുയർത്തിയ മൂന്ന് സ്കൂളുകൾ കണ്ടാൽ ഒറ്റനോട്ടത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലാണെന്നേ തോന്നൂ. ചോർന്നൊലിക്കുന്ന മച്ചും വിണ്ടുകീറിയ ഭിത്തിയും പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളുമൊക്കെയുള്ള പ ഴയകാല സർക്കാർ സ്കൂളനുഭവങ്ങൾക്ക് വിട പറഞ്ഞാണ് 20 കോടിയോളം മുടക്കി ആധുനിക സൗകര്യങ്ങളോടെയുള്ള സ്കൂളുകൾ സജ്ജമാക്കിയത്.

നവകേരള മിഷൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ആധുനിക സ്കൂളുകൾ പടുത്തുയർത്തിയത്. തൃക്കൊടിത്താനം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ മഹാത്മാഗാന്ധി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്.

 തൃക്കൊടിത്താനത്ത് 22 ക്ളാസ് മുറികൾ

ഹൈസ്‌കൂൾ ബ്ലോക്കിൽ 22 ക്ലാസ് മുറികൾ, 3 ലാബുകൾ, എച്ച്.എം റൂം, ഓഫീസ് റൂം, 15 ടോയ്‌ലെറ്റുകൾ, 3 അംഗ പരിമിത ടോയ്‌ലെറ്റ്, ലൈബ്രറി, മീഡിയാറൂം, 2 സ്റ്റോർ റൂം,സെപ്റ്റിക് ടാങ്ക് , ടൈൽ പാകി മനോഹരമാക്കിയ മുറ്റം എന്നിവയാണ് പ്രത്യേകത. ഹയർസെക്കൻഡറി ബ്ലോക്കിൽ 3 ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം, 10 ടോയ്ലെറ്റുകൾ, 2 അംഗപരിമിത ടോയ്ലെറ്റ് തുടങ്ങിയവയുമുണ്ട്.

പാലായിൽ ആധുനിക സ്കൂൾ

ആധുനിക രീതിയിൽ നിർമ്മിച്ച 7 ക്ലാസ് മുറികൾ, 11 ടോയ്‌ലെറ്റുകൾ, കിച്ചൻ, ഡൈനിംഗ് ഹാൾ, ഹെഡ്മാസ്റ്റർ റൂം, സ്റ്റാഫ് റൂം, 2 ലാബുകൾ, റി ടെയ്‌നിംഗ് വാൾ, ആ്ര്രകിവിറ്റി ബ്ലോക്ക്, ഓപ്പൺ സ്റ്റേജ് എന്നിവയുണ്ട്. 5 കോടിയാണ് ചെലവ്. പൊൻകുന്നം എച്ച്.എസ്.എസ് ബ്ലോക്കിൽ 6 ക്ലാസ് റൂമുകൾ, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകൾ, 10 ടോയ്‌ലെറ്റുകൾ എന്നിവ പൂർത്തിയായി. ഹൈസ്കൂൾ ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഉദ്ഘാടനം 9ന്

9 ന് രാവിലെ 11ന് ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. മന്ത്രി ഡോതോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.കെ.ശൈലജ,​ടി.പി.രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ.കെ.ശശീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കും.