തലയോലപ്പറമ്പ്: ഗതാഗത തിരക്കേറിയ തലയോലപ്പറമ്പ് എറണാകുളം റൂട്ടിലെ വെട്ടിക്കാട്ടുമുക്ക് പാലത്തിനോടനുബന്ധിച്ച് നടപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. കോട്ടയം എറണാകുളം റൂട്ടിലെ എളുപ്പവഴിയും വെളളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കുള്ള റോഡെന്ന നിലയിലും ഗതാഗത തിരക്കേറിയ തലയോലപ്പറമ്പ് എറണാകുളം റോഡിൽ മൂവാറ്റുപുഴയാറിന് കുറുകെ 47 വർഷം മുമ്പാണ് പാലം നിർമ്മിച്ചത്. വീതി കുറവായ പാലത്തിൽ വാഹനങ്ങൾ ചീറിപ്പായുമ്പോൾ കാൽനടക്കാർ പലപ്പോഴും അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. പാലത്തിന് ഇരുവശങ്ങളിലുമുള്ള കൈവരികളിലൂടെ കൂറ്റൻ ജലവിതരണ ലൈനുകൾ സ്ഥാപിച്ചത് മൂലം കാൽനടയാത്ര ഏറെ ദുരിതപൂർണ്ണമാണ്.പാലത്തിനോടു ചേർന്ന് ഇരുവശത്തും നടപ്പാത തീർക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും അധികൃതർ അനുഭാവപൂർവം നടപടി സ്വീകരിച്ചില്ല. നടപ്പാത തീർക്കാൻ സർക്കാർ പദ്ധതി തയാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.