കോട്ടയം : കേരളകോൺഗ്രസിൽ ജോസും ജോസഫും ചേരിതിരിഞ്ഞുള്ള അടി ജോസഫിന്റെയും കൂട്ടരുടെയും എം.എൽഎ സ്ഥാനം കളയുന്നിടം വരെ എത്തി നിൽക്കുന്നതിന് പിറകെ കോട്ടയത്ത് ഇടതുഘടകകക്ഷികളായ ജനതാദൾ എസിലും എൻ.സിപിയിലും ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതിനെ ചൊല്ലി പോരുമുറുകി. ദീർഘകാലം ജനതാദൾ ജില്ലാ പ്രസിഡന്റായിരുന്ന എം.ടി കുര്യനെ മാറ്റി മാത്യു ജേക്കബിനെ പ്രസിഡന്റാക്കിയതാണ് പൊട്ടിത്തെറിയായത്. സംസ്ഥാന കോർ കമ്മിറ്റി നേതാക്കളെ ദേവഗൗഢ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് കുര്യനെ വീണ്ടും ജില്ലാ പ്രസിഡന്റാക്കാൻ നിർദ്ദേശിച്ചെങ്കിലും സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു ഇടപെട്ട് മരവിപ്പിച്ചെന്നാണ് ആരോപണം. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം കുര്യന് വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിച്ചില്ല. കുര്യനെ വീണ്ടും ജില്ലാ പ്രസിഡന്റാക്കിക്കൊണ്ട് രേഖാമൂലമുള്ള ഉത്തരവ് ഇറക്കിയില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ ഒരു വിഭാഗം ദേവഗൗഢയ്ക്ക് പരാതി നൽകി.
എൻ.സി.പി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് മൂന്നുപേരെയാണ് ഒരു വർഷത്തിനുള്ളിൽ മറ്റിയത്. ടി.വി.ബേബിയെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മാറ്റി. പകരം കാണക്കാരി അരവിന്ദാക്ഷനെ നിയോഗിച്ചു. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണം ഉയർന്നതോടെ അരവിന്ദാക്ഷനെ മാറ്റി പകരം ബേബിയെ കുറ്റവിമുക്തനാക്കി വീണ്ടും പ്രസിഡന്റാക്കി. ഒരു മാസത്തിനു ശേഷം ബേബിയെ മാറ്റി ജില്ലാ സെക്രട്ടറി ബാബു എം ഫിലിപ്പിനെ പ്രസിഡന്റാക്കി. അടിക്കടി ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതോടെ ജില്ലയിൽ പാർട്ടി നിർജീവമായി. നിരവധി പേർ പാർട്ടി വിട്ടു. ഇതിനിടെ ഒരു ജില്ലാ നേതാവിന് കൊവിഡ് ബാധിച്ചതും ഒപ്പം ഇടപഴകിയ പല നേതാക്കളും ക്വാറന്റൈനിൽ പോകാതിരുന്നതിനെ ചൊല്ലിയും വിവാദമായി. ജില്ലാ ഓഫീസിലെ കസേരയും ഫാനും മറ്റും ഒരു മുൻ പ്രസിഡന്റ് വീട്ടിൽ കൊണ്ടുപോയത് ഒച്ചപ്പാടായതോടെ തിരിച്ചു കൊണ്ടുവന്നെങ്കിലും മുഴുവൻ സാധനങ്ങളും കൊണ്ടുവന്നില്ലെന്ന പരാതിയുമുണ്ട്.