kinar

പാലാ : മനോഹരമായ സ്‌കൂൾ മന്ദിരത്തിനുള്ളിൽ വിശാലമായൊരു കിണർ! അമൃതഗംഗ. പുതുതായി കുത്തിയതൊന്നുമല്ല. ചുരുങ്ങിയത് 150 വർഷം പഴക്കം. മഹാകവി പാലാ നാരായണൻ നായരുൾപ്പെടെ വിജ്ഞാന ദാഹവുമായെത്തിയ തലമുറകളായുള്ള കുട്ടികൾ ദേഹ ദാഹം ശമിപ്പിച്ച അമൃതഗംഗ. അറിവിന്റെ വെള്ളവും വെളിച്ചവും സമൂഹത്തിന് വിതറി പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ ചരിത്രത്താളിലേക്ക്.
പുതിയ മന്ദിരം നിർമ്മിക്കാനൊരുങ്ങിയപ്പോൾ തന്നെ സ്‌കൂൾ അധികാരികളും മാതാപിതാക്കളും കുട്ടികളും ചേർന്നൊരു തീരുമാനമെടുത്തു. അമൃത ഗംഗയെ നിലനിറുത്തും. കിണറിന് മുകളിൽക്കൂടി വരുന്ന നിലയിലായിരുന്നു പുതിയ മന്ദിരത്തിന്റെ പ്ലാൻ. കിണർ മൂടിയാൽ കെട്ടിട നിർമ്മാണം കൂടുതൽ സുന്ദരമാകുമെന്നും പുതുതായി വേറെ കിണർ കുത്തി നൽകാമെന്നും കെട്ടിടം പണി ഏറ്റെടുത്തവർ പറഞ്ഞെങ്കിലും അതിനു കോരിയ വെള്ളമങ്ങ് ഒഴുക്കിക്കളഞ്ഞേക്കാനായിരുന്നു എല്ലാവരുടേയും മറുപടി. അങ്ങനെ പുതിയ മനോഹരമായ മന്ദിരത്തിനുള്ളിൽത്തന്നെ അമൃത ഗംഗയ്ക്ക് ഇരിപ്പിടമായി.

അടിയിൽ നിന്ന് കരിങ്കല്ല് കെട്ടിക്കയറിയ കിണറ്റിലെ വെള്ളം ഒരിക്കലും വറ്റില്ല. പാലാ നഗരം കുടിവെള്ളക്ഷാമത്താൽ വീർപ്പുമുട്ടിയപ്പോഴും കിണറിൽ ഒരാൾ പൊക്കം വെള്ളം ഉണ്ടായിരുന്നു. സമീപത്തെ വ്യാപാരികളും വേനൽക്കാലത്ത് സ്‌കൂളിനടുത്തുള്ള വീട്ടുകാരുമൊക്കെ കുടിവെള്ളമെടുത്തത് ഇവിടെ നിന്നാണ്. പുതിയ സ്‌കൂൾ മന്ദിരത്തിനുള്ളിൽ ഹാളിനോടും അടുക്കളയോടും ചേർന്ന് ചുറ്റും മാർബിൾ വിരിച്ച് ഇരുമ്പു വേലി മറയും മൂടിയുമാക്കി അമൃതഗംഗയെ പരിപാലിച്ചിരിക്കുകയാണ്. ഒപ്പം പഴയ രീതിയിലുള്ള തൊട്ടിയും കയറും ഇട്ടിട്ടുമുണ്ട്.