പാലാ: മേലുകാവ് പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി മാണി സി കാപ്പൻ എം.എൽ.എ 62.20 ലക്ഷം രൂപ അനുവദിച്ചു.

ജനതാദൾ എൽജെഡി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് പീറ്റർ പന്തലാനിയുടെ നേതൃത്വത്തിൽ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിന്റെ ഫലമായാണ് തുക അനുവദിച്ചത്.

വാകക്കാട് ഇരുമാപ്രമറ്റം സിഎസ്‌ഐ പള്ളി റോഡ് ടാറിങിന് പത്ത് ലക്ഷം, വാകക്കാട് അഞ്ചുമല പള്ളി റോഡിന് പത്ത് ലക്ഷം, കോണിപ്പാട് വാകക്കാട് മൂന്നിലവ് റോഡിൽ അഞ്ചുമലകവല ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിന് 25 ലക്ഷം, വാകക്കാട് ജംഗ്ഷനിൽ പുതുതായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിന് നാല് ലക്ഷം, ഇരുമാപ്രമറ്റം സിഎസ്‌ഐ പള്ളി ജംഗ്ഷൻ, വാകക്കാട് ടൗൺ, അഞ്ചുമലകവല കുരിശടി ജംങ്ഷൻ എന്നീ സ്ഥലങ്ങളിൽ ലോ മാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 7.20 ലക്ഷം, വാകക്കാട് ഇരുമാപ്രമറ്റം കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപയും ഉൾപ്പടെയാണ് 62.20 ലക്ഷം അനുവദിച്ചത്.

മേലുകാവ് പഞ്ചായത്തിലെ മലയോര മേഖഖലകളുടെ അടിസ്ഥാന വികസനത്തിന് തുക അനുവദിച്ച മാണി സി കാപ്പൻ എം.എൽ.എയെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി അഭിനന്ദിച്ചു. ജോഷ് പി പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജസി ബന്നി, ശ്യാം അലക്‌സ്, വർക്കിച്ചൻ ഇളംപ്ലാശേരിയിൽ, ജിമ്മി തയ്യിൽ, ജോസി ചുങ്കപ്പുര, പി.എസ്. ഷിനോ, വിനോദ് കളപ്പുര എന്നിവർ പ്രസംഗിച്ചു.