കോട്ടയം : ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് ജംഗ്ഷൻ വരെയുള്ള ശാസ്ത്രി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ബേക്കർ വിദ്യാപീഠ് പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, മുനിസിപ്പൽ ചെയർ പേഴ്‌സൺ പി.ആർ. സോന, മുൻ എം.എൽ.എ വി.എൻ. വാസവൻ, കൗൺസിലർ സാബു പുളിമൂട്ടിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അസി.എക്‌സിക്യുട്ടീവ് എൻജിനീയർ കെ. ജോസ് തുടങ്ങിയവർ പങ്കെടുക്കും.പുനരുദ്ധാരണത്തിന്റെ ഭാഗമായി നിലവിലുള്ള റോഡിന്റെ വീതി കൂട്ടുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 9.2 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് താഴ്ന്ന മേഖലകൾ ഉയർത്തുകയും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും ഓടകളും കലുങ്കുകളും നിർമിക്കുകയും ചെയ്‌ത ശേഷമാണ് ബി.എം ആന്റ് ബി.സി ടാറിംഗ് നടത്തുക. 1.2 മീറ്റർ വീതിയിൽ മീഡിയനും റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയും ഒരുക്കും. നിലവിലുള്ള തണൽമരങ്ങൾ വെട്ടാതെ നിലനിറുത്തിക്കൊണ്ടാകും റോഡു നിർമ്മിക്കുകയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഒരു വർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.