ncp

കോട്ടയം: കേരള കോൺഗ്രസിൽ ജോസ്- ജോസഫ് വിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുള്ള അടി ജോസഫിന്റെയും കൂട്ടരുടെയും എം.എൽഎ സ്ഥാനം കളയുന്നിടം വരെ എത്തി നിൽക്കുന്നതിന് പിറകേ കോട്ടയത്ത് ഇടതു ഘടകകക്ഷികളായ ജനതാദൾ എസിലും എൻ.സിപിയിലും ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതിനെ ചൊല്ലിയും പോരു മുറുകി.

ദീർഘകാലം ജനതാദൾ ജില്ലാ പ്രസിഡന്റായിരുന്ന എം.ടി കുര്യനെ മാറ്റി മാത്യു ജേക്കബ്ബിനെ പ്രസിഡന്റാക്കിയത് പാർട്ടിയിൽ പൊട്ടിത്തെറിക്കിടയാക്കി. സംസ്ഥാന കോർകമ്മിറ്റി നേതാക്കളെ ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് കുര്യനെ വീണ്ടും ജില്ലാ പ്രസിഡന്റാക്കാൻ നിർദ്ദേശിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് അത് മരവിപ്പിച്ചുവെന്നാണ് ആരോപണം. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം കുര്യന് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. കുര്യനെ വീണ്ടും ജില്ലാ പ്രസിഡന്റാക്കിക്കൊണ്ട് രേഖാമൂലമുള്ള ഉത്തരവ് ഇറക്കണമെന്നാവശ്യപ്പെട്ടും തീരുമാനം ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ ഒരു വിഭാഗം ദേശീയ പ്രസിഡന്റ് ദേവഗൗഡക്ക് പരാതി നൽകിയിട്ടുണ്ട്.

എൻ.സി.പി ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മൂന്നു പേരെയാണ് ഒരു വർഷത്തിനുള്ളിൽ മറ്റിയത്. അടിക്കടി ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതോടെ ജില്ലയിൽ പാർട്ടി നിർജീവമായെന്ന് അണികൾ ആരോപിക്കുന്നു. നിരവധി പേർ പാർട്ടി വിട്ടു. ഇതിനിടെ ഒരു ജില്ലാ നേതാവിന് കൊവിഡ് ബാധിച്ചതും ഒപ്പം ഇടപഴകിയ പല നേതാക്കളും ക്വാറന്റൈനിൽ പോകാതിരുന്നതിനെ ചൊല്ലിയും വിവാദമായി. ജില്ലാ ഓഫീസിലെ കസേരയും ഫാനും മറ്റും ഒരു മുൻ പ്രസിഡന്റ് വീട്ടിൽ കൊണ്ടുപോയത് ഒച്ചപ്പാടായതോടെ തിരിച്ചു കൊണ്ടു വന്നെങ്കിലും മുഴുവൻ സാധനങ്ങളും കൊണ്ടുവന്നില്ലെന്ന പരാതിയും കോട്ടയത്ത് കത്തിക്കയറുകയാണ്. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും നടക്കുന്നതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഈ രണ്ട് തിരഞ്ഞെടുപ്പുകൾക്കുശേഷം നിയമസഭാ തിരഞ്ഞെടുപ്പുകൂടി വരുന്നതിനാൽ എത്രയുംവേഗം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം പാർട്ടിയിലും ശക്തമായിട്ടുണ്ട്.

തീരാത്ത പോര്..

കേരള കോൺഗ്രസിലെ കൂട്ടയടിയ്ക്കിടെ ജോസ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടിയതോടെ ജോസഫ് വിഭാഗത്തെ ഒതുക്കാനുള്ള ശ്രമം തുടങ്ങി. അതിനിടെ എം.പിമാരായ ജോസ് കെ മാണിയും തോമസ് ചാഴികാടനും ഡൽഹിയിൽ പോയി മടങ്ങിയെത്തി ക്വാറന്റൈനിൽ പ്രവേശിക്കാതെ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചതിനെതിരെ എസ് പിക്കും കളക്ടർക്കും ജോസഫ് വിഭാഗം പരാതി നൽകി. ജോസഫ് പക്ഷത്തുള്ള ജനപ്രതിനിധികളെ തെരഞ്ഞു പിടിച്ചു നടപടി എടുക്കാനുള്ള ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനവും ഇനി കോടതി കയറിയേക്കും.