അടിമാലി: കുരിശുപാറ കോട്ടപ്പാറ റോഡിൽ സംരക്ഷണ ഭിത്തിനിർമ്മിച്ച് മണ്ണിട്ടുയർത്തിയ ഭാഗം ചെളിക്കുണ്ടായി മാറിയതോടെ യാത്രക്കാർദുരിതത്തിലായി. കാൽനട യാത്ര പോലും സാധ്യമല്ലാത്ത വിധം പാതയുടെ ഒരു ഭാഗം ചെളികുളമായി കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പായിരുന്നു കുരിശുപാറയിൽ നിന്ന് കോട്ടപ്പാറയിലേക്കുള്ള പാതയിൽ കോട്ടപ്പാറ അമ്പലത്തിന് സമീപത്തായുള്ള ഒരു ഭാഗം സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണിട്ടുയർത്തിയത്. പക്ഷേ, മഴയത്ത് വാഹനങ്ങൾ ഓടിയതോടെ ഇവിടെ വലിയ രീതിയിൽ ചെളിക്കുണ്ട് രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങളും കാറ് പോലുള്ള മറ്റ് ചെറു വാഹനങ്ങളും ചെളിക്കുണ്ട് മൂലം ഇതുവഴി കടന്നു പോകാത്ത സാഹചര്യമുണ്ട്. ഇരുചക്ര വാഹനങ്ങളും മറ്റും സമീപത്തെ വീടുകളിൽ നിറുത്തിയിട്ടശേഷം വാഹന ഉടമകൾ നടന്നു പോകുകയാണിപ്പോൾ ചെയ്യുന്നത്. സമീപത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള ഭാഗത്തു കൂടിയാണ് ആളുകൾ നടന്നു പോകുന്നത്. കുട്ടികൾക്കും പ്രായമായവർക്കും മറ്റും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴ മാറാത്തതിനാൽ റോഡുമായി ബന്ധപ്പെട്ട മറ്റ് നിർമ്മാണ ജോലികൾ ഇപ്പോൾ നടത്തുക പ്രായോഗികമല്ലാത്തതിനാൽ ചെളി രൂപപ്പെട്ട ഭാഗത്ത് താത്കാലികമായി മക്ക് കൊണ്ടിട്ട് സുഗമമായ യാത്ര സാധ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.