കോട്ടയം: നിയന്ത്രണംവിട്ടു കൂട്ടിയിടിച്ച കാറിനിടയിൽ കുടുങ്ങി സ്‌കൂട്ടർ തകർന്നു. അപകടത്തിൽ രണ്ടു കാൽനടക്കാർ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ കൊല്ലാട് വടക്കേതിൽ സണ്ണിയുടെ മകൻ സോനു സണ്ണി(20), കാൽ നടയാത്രക്കാരൻ കൊങ്ങാണ്ടൂർ പുലിയളക്കുഴിയിൽ സണ്ണി (50), കളത്തിപ്പടിയിലെ സ്വകാര്യ കോൺട്രാക്ടറുടെ തൊഴിലാളി ബംഗാൾ സ്വദേശി കൊണ്ടു ഖടിയ (40) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 7.45ന് കളത്തിപ്പടി കെ.കെ റോഡിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാറുകളും ബൈക്കും. കളത്തിപ്പടി മോർ സൂപ്പർ മാർക്കറ്റ് ഭാഗത്തു വച്ച് എതിർ ദിശയിൽ നിന്നും എത്തിയ തടി ലോറി കണ്ട് മുന്നിൽ പോകുകയായിരുന്ന വാഗൺ ആർ കാർ ബ്രേക്ക് ചെയ്തു. ഇതോടെ പിന്നാലെ എത്തിയ ബൈക്ക് വാഗൺ ആർ കാറിന്റെ പിന്നിൽ ഇടിച്ചു. ഈ സമയം പിന്നാലെ എത്തിയ എത്തിയോസ് കാറും വാഗൺ ആർ കാറിന് പിന്നിലിടിച്ചു. രണ്ടു കാറുകൾക്കും ഇടയിൽ ബൈക്ക് യാത്രക്കാരൻ കുടുങ്ങി. ഇതിനിടെ നിയന്ത്രണം തെറ്റി റോഡരികിലേയ്ക്കു പാഞ്ഞു കയറിയ വാഗൺ ആർ കാറിടിച്ചാണ്, മറ്റു രണ്ടു കാൽ നടക്കാർക്കു പരിക്കേറ്റത്. പരിക്കറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.