suku

ചങ്ങനാശേരി: ജൂൺ വരെ സന്തുഷ്ട കുടുംബമായിരുന്നു മല്ലപ്പള്ളി ആനിക്കാട് വിലങ്ങ്പാറ വീട്ടിൽ വി.എൻ സുകുവിന്റേത്. ഒരു ചെറിയ പനി വന്നത് ജൂൺ 22നാണ്. അത് ഡങ്കിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. രോഗം മൂർച്ഛിച്ഛത്തോടെ ഹാർട്ട്, ലിവർ, കിഡ്‌നി എന്നിവയെ ബാധിച്ചു. ഇരുട്ടടി പോലെ കാർഡിയാക് അറസ്റ്റും! ഒന്നെഴുന്നേറ്റ് നിൽക്കാൻ, പഴയപോലെ ഭാര്യയ്ക്കും ഏഴിലും ആറിലും പഠിക്കുന്ന രണ്ട് മക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് സുകു.

പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ഏഴ് ദിവസം ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ കാർഡിയാക് അറസ്റ്റിൽ സുകുവിന്റെ നില വഷളായി. വെന്റിലേറ്റർ സൗകര്യം ഇല്ലാതെ ജീവൻ നിലനിർത്താൻ കഴിയില്ല എന്ന സ്ഥിതിയായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ വെന്റിലേറ്റർ സൗകര്യം ലഭിക്കാതായി. അങ്ങനെ അധികൃതരുടെ നിർദേശപ്രകാരം വെന്റിലേറ്റർ സൗകര്യം ലഭ്യമായുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സ മാറ്റി.

ഒന്നരമാസം പൂർണ്ണമായും ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞു. തൊണ്ടയിൽ സർജറിയും നടത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സുകുവിന്റെ കുടുംബത്തിന് സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പത്തര ലക്ഷം രൂപ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി ചെലവായി. ഈ തുക കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് സുകുവിന്റെ കുടുംബം. പലരിൽ നിന്നും കടം വാങ്ങിയും ബന്ധുക്കളുടെ കാരുണ്യത്തിലുമാണ് ഇതുവരെ ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. നാലുമാസം കൂടെ ചികിത്സ തുടർന്നാൽ മാത്രമേ സുകുവിന് എഴുന്നേറ്റ് നടക്കാൻ സാധിക്കൂയെന്നാണ് ഡോക്ടർമാർ പറയുന്നത്.

ബന്ധുവിന്റെ വീട്ടിൽ അഭയം

സ്വന്തമായി വീടില്ലാത്തതിനാൽ പഞ്ചായത്തിൽ നിന്ന് വീടിനായി അനുവദിച്ച തുകയും ചികിത്സയ്ക്കായി എടുത്തു. ഇതോടെ വീടിന്റെ നിർമ്മാണവും പാതിവഴിയിൽ മുടങ്ങി. സ്വയംതൊഴിലിനായി എടുത്ത ലോൺ തുക കൊണ്ട് തൊഴിൽ സംരംഭം തുടങ്ങുവാൻ സാധിക്കാതെ വന്നതും തിരിച്ചടിയായി. ഇതിനിടയിൽ ജപ്തി നടപടികളുമായി ബാങ്കുകാരും എത്തി.

കിടപ്പാടം ഇല്ലാത്തതിനാൽ ബന്ധുവീട്ടിലാണ് സുകു കുടുംബവുമൊത്ത് ഇപ്പോൾ കഴിയുന്നത്. ആശുപത്രിയിൽ കിടന്നുള്ള ചികിത്സ തുടർന്നാൽ ബിൽ തുക വർദ്ധിക്കുന്നതിനാൽ അടയ്‌ക്കേണ്ട തുകയുടെ കാൽ ഭാഗം മാത്രം അടച്ച് ആശുപത്രിയുമായി കരാറുണ്ടാക്കി ഡിസ്ചാർജ്ജ് വാങ്ങുകയായിരുന്നു.

സുകുവിന്റെ ബാങ്ക് വിവരങ്ങൾ

പേര് : ഗീത സുകു

ബാങ്ക് : കാത്തലിക് സിറിയൻ ബാങ്ക്

ബ്രാഞ്ച് : പുന്നവേലി

അക്കൗണ്ട് നമ്പർ: 017003330556190701

ഐ.എഫ്.സി : ഇടആഗ0000170 ഫോൺ : 7902549760.