കോട്ടയം: ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിൽ ഹഷിഷ് ഓയിലുമായി യുവതിയടക്കം ഏഴുപേർ അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്ന് വാഗമൺ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരിൽ നിന്നും 9 മില്ലിഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. ഇതിന് ഒരു ലക്ഷം രൂപയോളം വിലവരും. വാഗമണ്ണിലെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോവുംവഴിയാണ് ഇവർ പിടിയിലായത്. ഇവരിൽ ചിലർ സ്ഥിരമായി വാഗമണ്ണിൽ വന്നുപോവുന്നവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ നിന്നാണ് ഇവർ ഹാഷിഷ് ഓയിൽ കൊണ്ടുവരുന്നതെന്നാണ് സൂചന. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ചിലരുമായി ബന്ധമുണ്ടെന്നാണ് സൂചന.
കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹാഷിഷ് ഓയിൽ ഉപയോഗം കൂടിവരുന്നതായും അറിവുണ്ട്. കോവളം, കുമരകം, തേക്കടി എന്നിവിടങ്ങളിലെ ഹോം സ്റ്റേകളിലും നക്ഷത്ര ഹോട്ടലുകളിലും ആവശ്യക്കാർക്ക് ഈ ലഹരി എത്തിച്ചുകൊടുക്കുന്നതായി പറയപ്പെടുന്നു. ഹാഷിഷ് ഉപയോഗിക്കുന്നവർ ദൂരെ സ്ഥലങ്ങളിൽ നിന്ന് വാഗമണ്ണിലെത്തി ഉപയോഗിക്കുന്നുണ്ടെന്നും കൂടുതൽ ആളുകൾ ഹാഷിഷ് തേടി വാഗമണ്ണിൽ എത്തുന്നുണ്ടെന്നും അറിവായിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും ഇതിനായി ആളുകൾ കൂട്ടമായി എത്തുന്നുണ്ട്. ഇടനിലക്കാരായി സമൂഹത്തിൽ പേരും പെരുമയുമുള്ളവരും പ്രവർത്തിക്കുന്നതായാണ് സൂചന. പൊലീസ് വിശദമായ പരിശോധനയാണ് നടത്തുന്നത്. പൊലീസിനൊപ്പം നർക്കോട്ടിക് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് തറപ്പോയിൽ 20 വയസുള്ള യുവതി, പൂഞ്ഞാർ മറ്റക്കാട് മുളയ്ക്കൽപറമ്പിൽ അജ്മൽഷാ (28), തിരുവനന്തപുരം കുടപ്പനമൂട് സലജഭവനിൽ സിദ്ധു (26), ഇടുക്കി അട്ടപ്പള്ളി പാറയിൽ നവിൻ (27), കോഴിക്കോട് ബാലുശേരി പുത്തൂർവട്ടം തയ്യിൽ അഖിൽരാജ് (27), ആലുവ മില്ലുംപടി പി.കെ ഹൗസിൽ മുഹമ്മദ് ഷിയാസ് (30), തമിഴ്നാട് അഴീക്കൽ അറുതഗുണവിള്ളൈ സ്വദേശി രഞ്ജിത് (27) എന്നിവരാണ് അറസ്റ്റിലായത്.
മറ്റക്കാട് സ്വദേശി അജ്മൽഷാ കഞ്ചാവ് കേസിൽ പ്രതിയാണെന്ന് വാഗമൺ എസ്.ഐ സോജൻ വ്യക്തമാക്കി. ജാമ്യത്തിലിറങ്ങിയാണ് ഇയാൾ ഹാഷിഷ് കടത്തിയത്. എ.എസ്.ഐ അബീഷ്, എസ്.എച്ച്.ഒ ജയസൻ എന്നിവരും എസ്.ഐയോടൊപ്പം വാഹനപരിശോധനയ്ക്ക് ഉണ്ടായിരുന്നു.