കോട്ടയം: നഗരമദ്ധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ് പ്രേ പ്രയോഗിച്ച് കവർച്ച നടത്തിയ കേസിൽ ഒരു വർഷത്തിനുശേഷം മുഖ്യപ്രതി അറസ്റ്റിൽ. വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസാണ് പിടികൂടിയത്. ആർപ്പൂക്കര സംക്രാന്തി മുടിയൂർക്കര തേക്കിൻപറമ്പിൽ ഷൈൻ ഷാജി (ഷൈമോൻ - 28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ 16 നായിരുന്നു സി.എം.എസ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന എക്സ് പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിൽ കവർച്ച നടത്തിയത്.
ആസൂത്രകനായിരുന്ന ആർപ്പൂക്കര കൊപ്രായിൽ ജെയ്സ്മോൻ ജേക്കബിനെ (അലോട്ടി - 25) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവാർപ്പ് കൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (20), വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ (20) എന്നിവരും ഷൈമോനും ചേർന്നാണ് കവർച്ച നടത്തിയത്.
രണ്ടാഴ്ചയോളം നീണ്ടു നിന്ന ആസൂത്രണമാണ് പ്രതികൾ നടത്തിയത്. വിദേശ നിർമ്മിത കത്തിയും, കുരുമുളക് സ് പ്രേയും അടക്കമുള്ളവ ഓൺലൈനിലാണ് ഇവർ വാങ്ങിയത്. ഇവ എക്സ് പ്രസ് ബീസിലാണ് എത്തിയത്. ഇങ്ങനെയാണ് വൻതോതിൽ തുക സ്ഥാപനത്തിൽ ഉണ്ടെന്ന് ഇവർ മനസിലാക്കിയത്. തുടർന്ന് ഷൈമോൻ വിവരം ബാദുഷായ്ക്കും കൂട്ടാളികൾക്കും കൈമാറുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞ ഷൈമോൻ ജില്ലയിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം എസ്.എച്ച്.ഒ എം.ജെ.അരുൺ, എസ്.ഐ ടി.ശ്രീജിത്ത് തുടങ്ങിയവർ ചേർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.