പാലാ: കടകൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇടുക്കി വെള്ളിയാമറ്റം പാലോന്നിൽ പ്രദീപ് കൃഷ്ണനെ (30) പാലാ സി.ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പള്ളി ടൗണിൽ പാലത്തിനോട് ചേർന്നുള്ള അന്തീനാട് കുന്നുംപുറത്ത് കെ.എഫ്. ജോസിന്റെ മരിയ സ്റ്റോഴ്സിലാണ് സെപ്തംബർ 2ന് രാത്രി മോഷണം നടന്നത്. ഈ കടയിൽ നിന്നും ലഭിച്ച എ.ടിഎം കാർഡ് ഉപയോഗിച്ച് കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നായി പ്രദീപ് തുക പിൻവലിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
മോഷണം നടക്കുന്ന സമയത്തും തുടർന്ന് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന സമയത്തും ഇയാൾ മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല. ഇതേത്തുടർന്ന് സമാനരീതിയിൽ മോഷണം നടത്തുന്ന 200ഓളം പേരുടെ ചിത്രങ്ങൾ വിശദമായി പരിശോധിച്ച അന്വേഷണ സംഘം ഒടുവിൽ പ്രദീപ് കൃഷ്ണനിലേക്ക് എത്തുകയായിരുന്നു. ഇടുക്കി, കാഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, അയർക്കുന്നം സ്റ്റേഷനുകളിലായി 15 ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു അയർക്കുന്നത്തെ മോഷണം.