houseboat

കോട്ടയം: കൊവിഡിനെ അതിജീവിക്കാനുള്ള ഒരുക്കത്തിലാണ് കോട്ടയത്തെ ടൂറിസം മേഖല. തേക്കടിക്ക് പിറകെ കുമരകത്തും ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആളുകളെത്തിയില്ലെങ്കിലും മാസങ്ങളായി അനക്കമില്ലാതെ കിടന്ന ടൂറിസം മേഖലയ്ക്ക് ആശ്വാസമാകുകയാണ് കുമരകത്ത് എത്തുന്ന സഞ്ചാരികൾ. സംസ്ഥാനത്തിന് അകത്തു നിന്നുള്ള ചെറുസംഘങ്ങളാണ് യാത്രക്കായി എത്തുന്നത്. കഴിഞ്ഞദിവസം കോഴിക്കോട്ടുനിന്ന് എത്തിയ പത്തംഗ സംഘമാണ് കൊവിഡ് കാലത്ത് കുമരകത്ത് എത്തിയ ആദ്യ വിനോദയാത്രാ സംഘം.

കൊവിഡ് കൊണ്ടുപോയത് കോടികൾ

കോഴിക്കോട്ടെ സംഘം താമസിക്കാൻ തിരഞ്ഞെടുത്തത് ഹൗസ്ബോട്ടാണ്. ആറുമാസമായി ജോലിയില്ലാതിരുന്ന ജീവനക്കാർ ഇവരെ കണ്ടതോടെ ആഹ്ളാദതിമിർപ്പിലായി. പൂക്കൾ നല്കി ജീവനക്കാർ ഇവരെ ഹൗസ് ബോട്ടിലേക്ക് സ്വീകരിച്ചു. കായൽ സൗന്ദര്യം നുകർന്ന് ഒരു ദിവസം വേമ്പനാട്ട് കായലിൽ ചിലവഴിച്ചശേഷം കരിമീനും കൊഞ്ചും ആവോളം കഴിച്ചശേഷം താമസിയാതെ മറ്റൊരു സംഘം എത്തുമെന്നുപറഞ്ഞ് പ്രതീക്ഷയേകിയാണ് ഇവർ മടങ്ങിയത്.

കൊവിഡിനെ തുടർന്ന് ഹൗസ്ബോട്ട് ടൂറിസം രംഗത്ത് പത്തു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. നൂറോളം ഹൗസ് ബോട്ടുകളാണ് കുമരകത്ത് മാത്രമുള്ളത്. കൊവിഡ് ലോക്ഡൗൺ മുതൽ ആറു മാസമായി പ്രവർത്തിക്കാതിരുന്നതോടെ പകുതി ഹൗസ് ബോട്ടുകളും കേടായിക്കിടക്കുകയാണ്. ഈ ഹൗസ്ബോട്ടുകൾ നന്നാക്കിയെടുക്കണമെങ്കിൽ കുറഞ്ഞത് മൂന്നരകോടി രൂപ വേണ്ടിവരുമെന്ന് ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പറയുന്നു. ഈ നഷ്ടം നികത്തണമെങ്കിൽ ടൂറിസ്റ്റുകൾ കൂട്ടമായി എത്തണം. ഇതിന് വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാം. ജീവനക്കാരും അനുബന്ധ ജീവനക്കാരുമായി ഹൗസ് ബോട്ട് മേഖലയിൽ 2,000ത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. ടൂറിസ്റ്റുകൾ എത്താതായതോടെ ജീവനക്കാർ മറ്റ് ജോലികൾക്കായി പോയി തുടങ്ങിയിരുന്നു. ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയെന്ന വാർത്തകേട്ട് പഴയ ജീവനക്കാർ തിരികെ എത്തിത്തുടങ്ങിയിട്ടുണ്ട്.

തിരികെയെത്താൻ കാത്തിരിക്കണം

മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതലായി കുമരകത്ത് എത്തുന്നത്. മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി ജൂൺ, ജൂലായ് മാസങ്ങളിലും നെഹ്റുട്രോഫി വള്ളംകളി മത്സരം കാണാനും വിദേശികളും കൂടുതലായി എത്തിയിരുന്നു. വിദേശ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങാൻ മാസങ്ങൾ എടുക്കുമെന്ന് കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മാനേജർ പറയുന്നു. ഇതുവരെ ബുക്കിംഗുകൾ ഒന്നും വന്നിട്ടില്ല. എന്നാൽ വടക്കേ ഇന്ത്യയിൽ നിന്നും അന്വേഷണങ്ങൾ എത്തുന്നുണ്ടെന്ന് അദ്ദേഹം പറ‌‌ഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകരെ സ്വീകരിക്കുന്നത്.ചെറുതും വലുതുമായ 25 ഹോട്ടലുകളാണ് ടൂറിസ്റ്റുകൾക്കായി കുമരകത്ത് ഉള്ളത്. ഫൈവ് സ്റ്റാർ ഡീലക്സ് ഹോട്ടലുകളാണ് കൂടുതലും.