കോട്ടയം: ഓണത്തിന് ശേഷം ഈരയിൽക്കടവിൽ വരുമെന്നു പറഞ്ഞ വികസനം എങ്ങുമെത്തിയില്ല. സി.പി.എമ്മും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പരസ്പരം ഏറ്റുമുട്ടിയതിന് പിന്നാലെ ഈരയിൽക്കടവിലെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടു. മഴകൂടി പെയ്തതോടെ എല്ലാം തകിടംമറിഞ്ഞ അവസ്ഥയായി.
ഓണത്തിനു മുൻപാണ് ഈരയിൽക്കടവിൽ പോസ്റ്റുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്. കെ.എസ്.ഇ.ബിയിൽ ഇതിനുള്ള തുക അടച്ച ശേഷം നഗരസഭയാണ് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ, റോഡരികിൽ ഒഴിഞ്ഞു കിടന്ന സ്ഥലത്തിന്റെ മധ്യത്തായി കെ.എസ്.ഇ.ബി പോസ്റ്റ് സ്ഥാപിക്കുകയായിരുന്നു. ഇത്തരത്തിൽ പോസ്റ്റ് സ്ഥാപിച്ചത് നടപ്പാത നിർമ്മാണത്തെ തടസപ്പെടുത്തുമെന്ന വാദമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉയർത്തിയത്. തുടർന്നു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭ ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു. തുടർന്നു ഓണത്തിന് ശേഷം ഈരയിൽക്കടവിൽ നടപ്പാത നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടപ്പാതയ്ക്കായി ഒഴിച്ചിട്ടിരുന്ന സ്ഥലത്തു നിന്നും പോസ്റ്റ് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ, പ്രദേശത്തെ കൗൺസിലർമാർ അടക്കമുള്ളവർ നാട്ടുകാരെയും കൂട്ടി പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. പോസ്റ്റ് നീക്കാനുള്ള നീക്കം സി.പി.എം പ്രവർത്തകർ തടസപ്പെടുത്തി. തുടർന്നു, പോസ്റ്റ് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ച് കെ.എസ്.ഇ.ബി പിന്മാറുകയായിരുന്നു.
ആദ്യം തർക്കം തീരട്ടെ
ഓണത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഓണം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഇതുവരെയും ഈരയിൽക്കടവിൽ വെളിച്ചവും നടപ്പാതയും എത്തിയില്ല. തർക്കം അവസാനിപ്പിച്ച ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.