കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയാലും,കെ.എം.മാണിയുടെ മരണ ശേഷം ഇടതുമുന്നണി പിടിച്ചെടുത്ത പാലാ സീറ്റ് ജോസ് വിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന കടുംപിടുത്തത്തിലാണ് മാണി സി.കാപ്പൻ . പാലാ കണ്ട് മോഹിച്ച് ജോസ് വരേണ്ടെന്ന് കാപ്പൻ വെട്ടിത്തുറന്ന് പറഞ്ഞെങ്കിലും, മൗനത്തിലാണ് ജോസ് കെ മാണി.
കെ.എം.മാണി അരനൂറ്റാണ്ടായി കൈവെള്ളയിൽ സൂക്ഷിച്ച പാലാ, ജോസ് വിഭാഗത്തിന്റെ പ്രസ്റ്റീജാണ്. പി.ജെ.ജോസഫ് രണ്ടില ചിഹ്നം കൊടുക്കാതെ പാര പണിത് നഷ്ടപ്പെടുത്തിയ പാലാ കിട്ടാതെ ഇടതു മുന്നണിയുമായി ധാരണയുണ്ടാക്കാൻ ജോസിന് കഴിയില്ല. സംസ്ഥാന രാഷ്ടീയത്തിലേക്ക് തിരിച്ചു വന്നാൽ ജോസ് മത്സരിക്കുക പാലായിലായിരിക്കും. എന്നാൽ, കുറഞ്ഞ കാലംകൊണ്ട് ജനകീയ നേതാവായ കാപ്പൻ, പാലാ വിട്ടുനൽകാനാവില്ലെന്ന് എൻ.സി.പി നേതൃത്വത്തെയും അറിയിച്ചു. പാലായ്ക്കു പകരം പൂഞ്ഞാർ സീറ്റ് വാഗ്ദാനത്തിൽ വഴങ്ങേണ്ടതില്ലെന്നാണ് കാപ്പന്റെ നിലപാട്. പാലാ പിടിച്ചെടുത്ത കാപ്പനെ പിണക്കാൻ സി.പി.എമ്മിനും താത്പര്യമില്ല രാജ്യസഭയിൽ ഒഴിവ് വരുന്ന പകരം സീറ്റ് , എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷ പദവി ഇവയിൽ കുറഞ്ഞൊന്നും പകരം സ്വീകരിക്കില്ലെന്നാണ് കാപ്പനുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ പറയുന്നത്.
കേരള കോൺഗ്രസ് -എം നേരത്തേ മത്സരിച്ചിട്ടുള്ള കുട്ടനാട്ടിലും ജോസ് വിഭാഗത്തിന് നോട്ടമുണ്ട്. മുന്നണി പ്രവേശനമാകാത്തതിനാൽ കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനിടയില്ലെങ്കിലും ഭാവിയിൽ ജോസ് വിഭാഗം അവകാശ വാദമുന്നയിക്കാം. കോട്ടയത്തെ കാഞ്ഞിരപ്പള്ളി സി.പി.ഐ സീറ്റാണ് .ജോസ് വിഭാഗത്തിലെ എൻ.ജയരാജാണ് നിലവിലെ എം.എൽഎ . ജോസിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ ഈ സീറ്റും തർക്കപ്രശ്നമാവും..