കോട്ടയം: കേരളാ കോൺഗ്രസ് -എമ്മിനെ പടിക്കുപുറത്ത് നിറുത്താൻ യു.ഡി.എഫ് തീരുമാനിച്ചിട്ടും, രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ ജോസ് കെ. മാണി. എൽ.ഡി.എഫുമായി ചർച്ചയിലേക്ക് പോയിട്ടില്ലെന്നും, രാഷ്ട്രീയ തീരുമാനം സമയമാവുമ്പോൾ പ്രഖ്യാപിക്കുമെന്നും ജോസ് പറഞ്ഞു.
അതേസമയം, യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് പോകുന്ന പക്ഷം എം.പി, എം.എൽ.എ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പി.ജെ.ജോസഫിന്റെയും ആവശ്യം ജോസ് പക്ഷം തള്ളി. കേരള കോൺഗ്രസ് -എം വോട്ട് വാങ്ങി കോൺഗ്രസ് നേതാക്കളും ജോസഫ് പക്ഷ എം.എൽഎമാരും ജയിച്ചിട്ടുണ്ടെന്നും, അവർ ആദ്യം രാജി വയ്ക്കട്ടെയെന്നും പാർട്ടി ചീഫ് വിപ്പ് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. പാർട്ടി വിപ്പ് ലംഘിച്ച പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച സ്പീക്കർക്ക് കത്ത് നൽകും. ആരോഗ്യ കാരണങ്ങളാൽ സഭയിൽ ഹാജരാകാതിരുന്ന സി.എഫ്.തോമസിനെതിരേ നടപടി വേണ്ടെന്നാണ് തീരുമാനം.
ഞങ്ങൾ പോയതല്ല, പടിയടച്ച് പുറത്താക്കിയതാണ്: ജോസ്
യു.ഡി.എഫിൽ നിന്ന് തങ്ങൾ പുറത്തു പോയതല്ലെന്നും, ഇനി മുന്നണിയിൽ വേണ്ടെന്ന് പ്രഖ്യാപിച്ച് പടിയടച്ച് പുറത്താക്കുകയാണുണ്ടായതെന്നും ജോസ് കെ. മാണി എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.എം. മാണിയുടെ ജീവിതാന്ത്യം കേരളാ കോൺഗ്രസിന്റെയും രാഷ്ട്രീയ അന്ത്യമാകണമെന്ന് ആഗ്രഹിച്ചവരുടെ അജൻഡ വ്യക്തമായിരിക്കുന്നു. ഞങ്ങൾ ഒരിക്കൽപ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. യു.ഡി.എഫ് രൂപീകരണകാലം മുതൽ ഒപ്പം നിന്ന പ്രസ്ഥാനത്തോട് രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയത്. ഞങ്ങൾ ചതിച്ചെന്ന് ആരോപിക്കുന്നവർ, പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയം ഉറപ്പാക്കിയ ജോസഫ് വിഭാഗത്തിന്റെ രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ജോസഫിന് കെ.എം.മാണിയുടെ രാഷ്ട്രീയ പൈതൃകം ചാർത്തിക്കൊടുത്തവർ കേരളാ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുകയാണ്. മാണിയുടെ മഹത്വത്തെക്കുറിച്ച് ഇന്നാവർത്തിക്കുന്നവർ ചെയ്തതിനെക്കുറിച്ച് മാണി സാർ തന്നെ പറഞ്ഞിട്ടുണ്ട്- ജോസ് പറഞ്ഞു.
രണ്ടില ചിഹ്നത്തിന് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ
കേരള കോൺഗ്രസ്-എം പാർട്ടി പേരും രണ്ടില ചിഹ്നവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ. മാണി വിഭാഗത്തിന് നൽകിയതിനെതിരേ പി.ജെ.ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകി.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമപരമായി നിലനിൽക്കാത്തതിനാൽ പുനപരിശോധിക്കണമെന്നാണ് ആവശ്യം.
ജോസ് കെ. മാണി പാർട്ടി ചെയർമാൻ പദവി ദുരുപയോഗം ചെയ്തെന്നാരോപിച്ച് ജോസഫ് പക്ഷം ഇടുക്കി കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനിൽക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെതീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. .