അടിമാലി: ഏഴ് വർഷമായി അടിമാലിയിൽ അമ്മയും കുഞ്ഞും ആശുപത്രി നിർമിക്കാൻ അനുമതി ലഭിച്ചിട്ട്. എന്നാൽ ഇതുവരെ ദേശീയപാതയോരത്ത് അടിമാലി പഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് ഒരു കല്ലിടാൻ പോലും സാധിച്ചിട്ടില്ല. 2013ൽ ഇടുക്കിയിലും വയനാട്ടിലും ഒരുമിച്ചായിരുന്നു അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള ആശുപത്രി അനുവദിച്ചത്. വയനാട്ടിലെ ആശുപത്രിയുടെ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങി. എന്നാൽ ഇടുക്കിയിൽ ഇന്നും എങ്ങുമെത്തിയില്ല. ഇടുക്കിയിൽ കെട്ടിടം പണി പൂർത്തിയാകുന്നത് വരെ തങ്ങളുടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ആശുപത്രിക്കായി വിട്ടുനൽകാമെന്ന് യാക്കോബായ സഭ 2017ൽ സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. അതിനും നടപടിയായില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് 4.5 കോടി രൂപ ചിലവിൽ അടിമാലിയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആശുപത്രി അനുവദിച്ചത്. ആരോഗ്യ വകുപ്പിന് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള ഭൂമിയിൽ ആശുപത്രി സ്ഥാപിക്കാൻ തീരുമാനിച്ചു.
എന്നാൽ, 2014 ജൂലായിൽ അടിമാലി പഞ്ചായത്തിന്റെ മച്ചിപ്ലാവിലെ ഒന്നരയേക്കർ സ്ഥലം ആരോഗ്യ വകുപ്പിന് സൗജന്യമായി വിട്ടുനൽകി. ഇവിടെ ആശുപത്രി പണിയാനും തീരുമാനമായി. ഇതിനിടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി. അടിമാലി താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ തന്നെ ആശുപത്രി തുടങ്ങാനായിരുന്നു പിന്നീടുള്ള ശ്രമം. എന്നാൽ, കോൺഗ്രസ് നേതൃത്വം നൽകുന്ന അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഈ നീക്കം എതിർത്തു. ഒടുവിൽ മച്ചിപ്ലാവിലെ സ്ഥലത്ത് തന്നെ ആശുപത്രി പണിയാൻ ധാരണയായി. എന്നാൽ, നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചില്ല. പിന്നെ ആശുപത്രിയുടെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
പഞ്ചായത്ത് വക സ്ഥലം ആരോഗ്യ വകുപ്പിന് വിട്ടുകൊടുക്കുന്നതിനും തുടർന്ന് സൗജന്യമായി ലഭിച്ച സ്ഥലം ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതിനു വേണ്ടിയുള്ള സർക്കാർ ഉത്തരവുകൾ ലഭിക്കാൻ എടുത്ത സമയം 2.5 വർഷമാണ്. തുടർന്ന് 4.5 കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം ലഭിച്ചപ്പോൾ സൗജന്യമായി ലഭിച്ച സ്ഥലത്തിന്റെ അതിരുകൾ മാറിപ്പോയി. തുടർന്ന് യഥാർത്ഥ അതിരുകൾ തിട്ടപ്പെടുത്തി എസ്റ്റിമേറ്റ് വീണ്ടും തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചു.
'ഇപ്പോൾ ആശുപത്രിയുടെ എസ്റ്റിമേറ്റ് തുക 14.71 കോടി രൂപയാണ്. ഇത് മാർച്ച് 19ന് അനുമതിക്കായി ഹെൽത്ത് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്."
- സി.കെ. പ്രസാദ് (ബ്ലോക്ക് പഞ്ചായത്തംഗം)
നിരവധിപ്പേർക്ക് ആശ്വാസം
ഇടുക്കിയുടെ ആരോഗ്യ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുന്ന പദ്ധതിയായിരുന്നു ഇത്. താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രികളിലും ഗൈനക്കോളജിയും ശിശുരോഗ വിഭാഗവുമുണ്ട്. എങ്കിലും ദേവികുളം ആദിവാസി തോട്ടം മേഖലകളിലെ ഗർഭിണികൾക്ക് വിദഗ്ദ്ധ ചികിത്സ കിട്ടാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. മച്ചിപ്ലാവിൽ ആശുപത്രി വരുന്നതോടെ ഇതിന് പരിഹാരമാകും. നിർദ്ധനരായ മറ്റുള്ളവർക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കും.