കോട്ടയം: കേരളാ കോൺഗ്രസ് എമ്മിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേയ്ക്ക് വരുന്നതാണ് ഇന്നലെ കണ്ടത്. മാണിയുടെ ജീവിതാന്ത്യം കേരളാ കോൺഗ്രസിന്റെയും രാഷ്ട്രീയ അന്ത്യമാകണം എന്ന് ആഗ്രഹിച്ചവരുടെ അജണ്ട വ്യക്തമായിരിക്കുന്നു. ഞങ്ങൾ ഒരിക്കൽ പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോൺഗ്രസിന്റെ സംസ്‌ക്കാരമല്ല. യു.ഡി.എഫ് രൂപീകരണ കാലം മുതൽ ഒപ്പം നിന്ന പ്രസ്ഥാനത്തോട് രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയത്. യു.ഡി.എഫിൽ നിന്നും പുറത്തുപോയതല്ല. യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്നും, ഇനി ഈ മുന്നണിയിൽ വേണ്ടെന്നും പ്രഖ്യാപിച്ച് പടിയടച്ച് പുറത്താക്കിയതാണ്. അതിന്റെ പിന്നിലുള്ള അജണ്ടയാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. കേരളാ കോൺഗ്രസ് (എം) ചതിച്ചു എന്ന് ആരോപിക്കുന്നവർ പാലാ ഉപതെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് രണ്ടില ചിഹ്നം ലഭിക്കാതിരിക്കാൻ കത്തെഴുതുകയും, തിരഞ്ഞെടുപ്പ് ദിവസത്തിൽപ്പോലും പരസ്യപ്രസ്താവന നടത്തി യു.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്തുകയും ചെയ്ത ജോസഫ് വിഭാഗത്തിന്റെ രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും എടുക്കാതെ യുഡി.എഫ് നേതൃത്വം കൈകെട്ടി നോക്കിയിരിക്കുകയായിരുന്നു.
ജോസഫിന് കെ.എം.മാണിയുടെ രാഷ്ട്രീയ പൈതൃകം ചാർത്തിക്കൊടുത്തവർ ഓരോ കേരളാ കോൺഗ്രസ് പ്രവർത്തകന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. കെ.എം.മാണിയുടെ മഹത്വത്തെക്കുറിച്ച് ഇന്ന് ആവർത്തിക്കുന്നവരൊക്കെ ചെയ്തതിനെക്കുറിച്ച് മാണി തന്നെ പറഞ്ഞിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ ആത്മാഭിമാനം ആരുടേയും മുമ്പിൽ അടിയറവ് വയ്ക്കി
ല്ല.
(ജോസ് കെ.മാണി എം.പി കോട്ടയത്ത് പത്രസമ്മേളനത്തിൽ )