കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകർ. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നീ ആറ് മണ്ഡലങ്ങളിലും മത്സരിച്ചത് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു. നാലു പേർ ജയിച്ചു. മോൻസ് ജോസഫ് , സി.എഫ് തോമസ് എന്നിവർ ജോസഫ് പക്ഷമെന്ന നിലയിൽ യു.ഡി.എഫിലാണ്. പാലാ, പൂഞ്ഞാർ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ജോസ് വിഭാഗമാണ് മത്സരിക്കുന്നത്. ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ കോൺഗ്രസിന് മത്സരിക്കാൻ മൂന്നു നിയമസഭാ സീറ്റുകൾ കൂടി കോട്ടയത്ത് ലഭിക്കും. പുതുപ്പള്ളി, കോട്ടയം ,വൈക്കം മണ്ഡലങ്ങൾ കൂടി ചേരുമ്പോൾ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം ഏഴായി ഉയരും. ഉമ്മൻചാണ്ടി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ നേതാക്കളൊഴിച്ച് മറ്റുള്ള കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ ഇതുവരെ നിയമസഭാ സീറ്റ് ഇല്ലാതിരുന്നു. ഇനി കൂടുതൽ യുവാക്കൾക്ക് അവസരം ലഭിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
കോട്ടയം ലോക്‌സഭാ സീറ്റ് വർഷങ്ങളായി കോൺഗ്രസിന്റേതായിരുന്നു. മൂവാറ്റുപുഴ മണ്ഡലം ഇല്ലാതായതോടെയാണ് കോട്ടയം മാണി വിഭാഗത്തിന് നൽകിയത്. ബാർകോഴ ആരോപണത്തിൽ കെ.എം.മാണി രാജിവയ്ക്കേണ്ടി വന്നതിനെ തുടർന്ന് യു.ഡി.എഫ് വിട്ടു പുറത്തു പോയ മാണി വിഭാഗം കോട്ടയം ലോക് സഭാ സീറ്റിനു പുറമേ കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റും നേടിയാണ് തിരിച്ചുവന്നത്. ജോസ് വിഭാഗം പുറത്തു പോയതോടെ ഇനി കോട്ടയം ലോക്സഭാ സീറ്റും കോൺഗ്രസിന് സ്വന്തമാകും.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ജോസ് വിഭാഗം മുന്നണി വിട്ടു പോയതിന്റെ ആഹ്ലാദത്തിലാണ് താഴെ തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർ. കൂടുതൽ സീറ്റുകൾ മത്സരിക്കാൻ കിട്ടുമെന്ന് സന്തോഷം കോൺഗ്രസ് ക്യാമ്പിലുണ്ട്.
യു.ഡി.എഫിന് ക്ഷീണം ചെയ്യില്ല: ജോസി സെബാസ്റ്റ്യൻ
കേരളകോൺഗ്രസ് ജോസ് വിഭാഗം വിട്ടു പോയത് കോട്ടയം ജില്ലയിൽ യു.ഡി.എഫിന് ഒരു ക്ഷീണവും ചെയ്യില്ലെന്ന് മുന്നണി ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ പറഞ്ഞു. ഇടതു പാളയത്തിലേക്ക് പോകാൻ താത്പര്യമില്ലാത്ത കൂടുതൽ നേതാക്കൾ യു.ഡി.എഫിൽ വരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനൊപ്പം ചേർന്നു കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചതു മുതൽ കോൺഗ്രസ് പ്രവർത്തകർ മാണി വിഭാഗത്തോട് നീരസത്തിലായിരുന്നു. അവർ പോയതു കൊണ്ട് കോൺഗ്രസുകാർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നല്ലാതെ ഒരു ക്ഷീണവും തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.