കട്ടപ്പന: അയ്യപ്പൻകോവിൽ, കാഞ്ചിയാർ മേഖലയിലെ പത്തു ചെയിൻ മേഖലയിൽ പട്ടയം വാങ്ങി നൽകാമെന്നു പറഞ്ഞ് പണപ്പിരിവു നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തുചെയിൻ പട്ടയ സമര സമിതി. സർവേ നടപടികൾ വേഗത്തിലാക്കാനാണ് സ്വകാര്യ സർവേയർമാരെ കൂടി പങ്കെടുപ്പിച്ചത്. ഇതിനു ചെലവാകുന്ന തുക സ്ഥലമുടമകൾ തന്നെ നൽകാനും തീരുമാനിച്ചിരുന്നു. ഓരോ പ്രദേശത്തെ കൃഷിക്കാരെ സംഘങ്ങളായി തിരിച്ച്, സർവേയുടെ ചെലവ് വാങ്ങി നൽകുന്നതിനായി സമിതിയുടെ കമ്മിറ്റിയംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ ആരോപണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. സമിതിയിലുള്ളവരുമായി ചിലർക്കുള്ള വ്യക്തിവിരോധത്തിന്റെ പേരിലാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മൂന്നുചങ്ങല പ്രദേശത്തെ പട്ടയ നടപടികൾ തടസപ്പെടുത്താനാണ് നീക്കമെന്നും അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ. ബാബു, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, കെ.ജെ. ജോസഫ്, ടി.എസ്. ഗോപിനാഥ പിള്ള എന്നിവർ പറഞ്ഞു.