കോട്ടയം: ശാസ്ത്രി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ നഗരത്തിന്റെ മുഖഛായ മാറുമെന്ന് മന്ത്രി ജി. സുധാകരൻ. ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷമാണ് നിർമാണ കാലയളവായി കണക്കാക്കിയിരിക്കുന്നതെങ്കിലും അതിനു മുൻപ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 9.2 കോടി രൂപ ചിലവിൽ മനോഹരമായ റോഡാണ് ഇവിടെ ഒരുങ്ങുക. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും പൊതുമരാമത്ത് പദ്ധതികൾ പൂർത്തീകരിക്കാൻ ശ്രമിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

തോമസ് ചാഴികാടൻ എം.പി, മുനിസിപ്പൽ ചെയർ പേഴ്‌സൺ ഡോ. പി.ആർ. സോന, മുൻ എം.എൽ.എ വി.എൻ. വാസവൻ എന്നിവർ പ്രഭാഷണം നടത്തി. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ജോഷി ഫിലിപ്പ്, സജി മഞ്ഞക്കടമ്പിൽ, നോബിൾ മാത്യു, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.