കോട്ടയം: ജോലിക്കുനിന്ന വീട്ടിൽനിന്നും നാലര പവൻ സ്വർണാഭരണങ്ങൾ അടിച്ചുമാറ്റിയ സ്ത്രീയും ഇവരുടെ സുഹൃത്തും അറസ്റ്റിൽ. മുണ്ടക്കയം മടുക്ക പനക്കച്ചിറ പുതുപ്പറമ്പിൽ പി.എം സീനത്ത് (40), സുഹൃത്ത് എരുമേലി കരിങ്കൽമൂഴി കനകപ്പാലം പൊരിയൻമല കൊച്ചുതോട്ടത്തിൽ കെ.എ അജിത്ത് കുമാർ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
മോഷ്ടിച്ച സ്വർണം കണ്ടെത്താനായി ഇവരുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ 15 ലിറ്റർ കോട കണ്ടെടുത്തു. അജിത്ത് ചാരായം വാറ്റി വില്പന നടത്തിയിരുന്നതായി അറിവായിട്ടുണ്ട്. കോട കണ്ടെത്തിയതിനെ തുടർന്ന് അജിത്തിനെതിരെ അബ്കാരി ആക്ട് പ്രകാരം മറ്റൊരു കേസും ഫയൽചെയ്തിട്ടുണ്ട്. പാമ്പാടി സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മീനടം ആശുപത്രി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആറാണി കുന്നത്തുപറമ്പിൽ അഖിൽ കെ.ദാസിന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. അഖിലിന്റെ ഭാര്യ നൈസി പാമ്പാടി താലൂക്ക് ആശുപത്രിയിലെ നഴ്സാണ്. നൈസിയുടെയും മകന്റെയും ആഭരണങ്ങളാണ് കവർന്നത്.
നൈസിക്ക് ജോലിക്ക് പോവേണ്ടതിനാലാണ് സീനത്തിനെ വീട്ടുജോലിക്കായി നിയോഗിച്ചത്. ഒരു മാസം മുമ്പ് അലമാരിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളിൽ രണ്ടര പവന്റെ മാല സീനത്ത് മോഷ്ടിച്ചു. ഇത് ശ്രദ്ധിക്കപ്പെടാതിരുന്നതോടെയാണ് രണ്ടാമത് രണ്ടു പവന്റെ ആഭരണം അലമാരിയിൽ നിന്നും എടുത്തത്.
വിവാഹത്തിന് പോവാനായി ആഭരണപ്പെട്ടി തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അഖിൽ പാമ്പാടി പൊലീസിൽ പരാതി നല്കുകയായിരുന്നു. പൊലീസ് എത്തി വീട്ടുജോലിക്കാരിയായ സീനത്തിനെ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. ആദ്യം മോഷ്ടിച്ച രണ്ടര പവന്റെ മാല കാഞ്ഞിരപ്പള്ളിയിലെ ഒരു ജുവലറിയിൽ വിറ്റതായി സീനത്ത് പൊലീസിനോട് പറഞ്ഞു. തുടർന്ന് അത് പൊലീസ് കണ്ടെടുത്തു.