കോട്ടയം: യുവാവിനെ കമ്പിവടിക്ക് അടിച്ച് അവശനാക്കിയശേഷം മൂന്നു ലക്ഷം രൂപതട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. മണിമല സ്വദേശികളായ നസീർ, ബാനിദ് ബഷീർ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തിവരുന്നു. കഴിഞ്ഞ മൂന്നാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
ചങ്ങനാശേരി ഫാത്തിമാപുരം കവിന്നയിൽ ഫൈസലിനെയാണ് (28) നാലംഗ സംഘം ആക്രമിച്ച് പണം തട്ടിയെടുത്തത്. കഴിഞ്ഞയിടെയാണ് ഫൈസൽ വിവാഹിതനായത്. എന്നാൽ ദിവസങ്ങൾ കഴിയുംമുമ്പേ യുവതി മറ്റൊരാളുടെ കൂടെ ഒളിച്ചോടി. ഇതേതുടർന്ന് ഭർത്താവ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞതോടെ വിവാഹബന്ധം വേർപെടുത്താൻ യുവതിയുടെ വീട്ടുകാർ തയ്യാറാവുകയായിരുന്നു. വിവാഹബന്ധം ഒഴിയുന്നതിനായി ലഭിച്ച മൂന്നു ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
മൂവാറ്റുപുഴയിലുള്ള അഭിഭാഷകനാണ് കേസ് നടത്തിയിരുന്നത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ഫൈസൽ വക്കീൽ ഓഫീസിലെത്തി പണം കൈപ്പറ്റി. ഇവരോടൊപ്പം സഹോദരനും പ്രതികളായ നസീർ, ബാനിദ് ബഷീർ എന്നിവരും ഉണ്ടായിരുന്നു. വാടകക്കെടുത്ത കാറിലായിരുന്നു ഇവർ മൂവാറ്റുപുഴയിലേക്ക് പോയത്.
പണവുമായി തിരികെ പോരുംവഴി ഇവർ നാലുപേരും ചേർന്ന് മദ്യപിച്ചു. മണിമല കോത്തലപ്പടിക്ക് സമീപം എത്തിയപ്പോൾ കാർ നിർത്താൻ നസീർ ആവശ്യപ്പെടുകയായിരുന്നു. കാർ നിർത്തിയപ്പോൾ അവിടെ കാത്തുനിന്ന രണ്ടുപേരും നസീറും ബനീദും ചേർന്ന് ഫൈസലിനെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. കമ്പിവടിക്കുള്ള അടിയേറ്റ് ഫൈസലിന്റെ തല പൊട്ടി. തുടർന്ന് സഹോദരനെ അവിടെ ഉപേക്ഷിച്ചശേഷം ഫൈസലിനെയും കൊണ്ട് നാലംഗ സംഘം പായിപ്പാട്ടേക്ക് പോവുകയായിരുന്നു. അവിടെ ഒരു വീട്ടിൽ ഫൈസലിനെ ബന്ധിയാക്കി. അഞ്ചാം തീയതി അവിടെനിന്ന് രക്ഷപ്പെട്ട ഫൈസൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നല്കുകയായിരുന്നു.