ചങ്ങനാശേരി: ഒരു ചെറിയ ചാറ്റൽമഴ പെയ്താൽ പോലും അരമണിക്കൂറിനുള്ളിൽ റോഡിൽ ഒരടി പൊക്കത്തിൽ വെള്ളം! അശാസ്ത്രീയമായ റോഡ് നിർമ്മാണവും ഓടയില്ലാത്തതും കൊണ്ട് കവിയൂർ റോഡിന്റെ അവസ്ഥയാണിത്. ഇരുചക്ര വാഹനക്കാരും ഓട്ടോറിക്ഷാഡ്രൈവർമാരും കാൽനടക്കാരും ആണ് ഇതിനാൽ ഏറെ കഷ്ടപ്പെടുന്നത്. സമീപത്തുള്ള കടകൾക്കുള്ളിൽ വെള്ളം ഇരച്ചു കയറുന്നതും വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്.
റോഡ് വികസനത്തിന്റെ ഭാഗമായി നടത്തിയ ടാറിംഗിന് മുമ്പ് തന്നെ വെള്ളക്കെട്ട് ഒഴിവാക്കി ഓട നിർമ്മിക്കണമെന്ന് അധികൃതരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഇതിന്റെ പരിണിത ഫലമാണ് ഇപ്പോഴുണ്ടാകുന്ന വെള്ളക്കെട്ട്. ചങ്ങനാശേരി നഗരത്തിൽ നിന്നും കവിയൂരിലേയ്ക്ക് പോകുന്ന പ്രധാനപ്പെട്ട റോഡിലെ പട്ടത്തിമുക്ക് ജംഗ്ഷനിലാണ് വലിയ തോതിലുള വെളളക്കെട്ട് രൂപപ്പെടുന്നത്. റെയിൽവേ ബൈപ്പാസ് റോഡിൽ നിന്നും സംഗമിക്കുന്ന ജംഗ്ഷൻ കൂടിയാണിത്.
വെള്ളക്കെട്ട് അറിയാതെ വരുന്ന ഇരുചക്രവാഹനങ്ങൾ ഈ ഭാഗത്തെ കുഴികളിൽ വീണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. മാസങ്ങളായി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച ജല അതോറിട്ടിയുടെ പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം ഒഴുകി ടാറിംഗ് ഇളകി റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിരിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. റോഡ് വികസനം പൂർത്തിയായെങ്കിലും റോഡിന് വീതിയില്ലാത്തത് അപകടങ്ങൾക്കും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതും അപകടത്തിന് പ്രധാന കാരണമാണ്. നാല് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനായതിനാൽ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന പ്രദേശവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.