നെടുംകുന്നം: പഞ്ചായത്തിലെ തരിശു ഭൂമികൾക്ക് ഇനി ജീവൻ വയ്ക്കും. നൂറേക്കർ തരിശു ഭൂമിയിൽ കൃഷിയിറക്കാനൊരുങ്ങുകയാണ് നെടുംകുന്നത്തെ കർഷക സംഘങ്ങൾ. വർഷങ്ങളായി തരിശു കിടന്ന സ്ഥലങ്ങളോരോന്നായി പാട്ടമെടുത്താണ് കൃഷി. നെടുംകുന്നം കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ച് കർഷക സംഘങ്ങളുടെ നേതൃത്വത്തിലാണ് വ്യാപകമായി കൃഷിയിറക്കുന്നത്.
രണ്ടു വർഷം കൊണ്ട് 35 ഏക്കറോളം തരിശു ഭൂമിയിലാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. നെല്ല് ഉൾപ്പെടെ നൂറേക്കറോളം സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം. വിവിധ കർഷക സംഘങ്ങളിലായി അറുപതോളം കർഷകർ ചേർന്നാണ് കൃഷി ചെയ്യുന്നത്. ചുരുങ്ങിയ കാലംകൊണ്ട് രണ്ടും മൂന്നും ഏക്കറിൽ നിന്നും പത്ത് ഏക്കറോളം സ്ഥലത്ത് കൃഷി വ്യാപിപ്പിച്ചവരുമുണ്ട്. കഴിഞ്ഞ വർഷം മൂന്നര ഏക്കറിൽ ആരംഭിച്ച നെൽകൃഷി ഇക്കുറി 15 ഏക്കറിലേക്കാണ് വ്യാപിപ്പിച്ചത്. എല്ലാ ജോലികളും ഇവർ സ്വന്തമായാണ് ചെയ്യുന്നത്. വർഷങ്ങളായി തരിശുകിടന്ന നാരകച്ചാൽ, തെങ്ങുംപള്ളി, മുളയംവേലി എന്നീ പാടശേഖരങ്ങളിൽ നെല്ല്, പച്ചക്കറി, കപ്പ, വാഴ തുടങ്ങിയവ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങുകയായിരുന്നു. നെല്ല്, പച്ചക്കറി, കിഴങ്ങുവിളകൾ തുടങ്ങി മീൻ വരെ കൃഷി ചെയ്യുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ഥമാർന്ന കൃഷി രീതികളാണ് ഇവർ പരീക്ഷിച്ച് വിജയം നേടിയത്. രാസവളങ്ങളും, കീടനാശിനികളും ഒഴിവാക്കി പൂർണമായും ജൈവ രീതിയിലാണ് കൃഷി. പഞ്ചായത്തിലേക്കാവശ്യമായ മുഴുവൻ ഭക്ഷ്യ വസ്തുക്കളും സ്വന്തമായി ഉത്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇവർ. നാരകച്ചാലിൽ ആരംഭിച്ച നെൽകൃഷിയുടെ നിലം ഒരുക്കൽ ചടങ്ങ് ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്.