anju

കോട്ടയം: കാലം തെറ്റിയെത്തിയ മഴ പുറത്ത് തിമിർത്ത് പെയ്യുമ്പോൾ പൊടിമറ്റത്ത് കെ.കെ റോഡിനോടു ചേർന്ന ബജിക്കടയിലെ ഈ അച്ഛനമ്മമാരുടെ ഉള്ളിൽ സങ്കടക്കടൽ ആർത്തിരമ്പുകയാണ്. നീതികേടിന്റെ ബാക്കിപത്രമായ മൂന്ന് ജീവനുകളുണ്ടിവിടെ. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണത്തിൽ മനംനൊന്ത് മീനച്ചിലാറിന്റെ ആഴങ്ങളിൽ ഓർമ്മയായ അഞ്ജു പി. ഷാജിയുടെ അച്ഛനും അമ്മയും സഹോദരനും.

കോപ്പിയടിച്ചെന്നാരോപിച്ച് ചേർപ്പുങ്കൽ ബി.വി.എം കോളേജ് അധികൃതർ ഹാളിൽ നിന്ന് ഇറക്കിവിട്ടതിൽ മനംനൊന്ത് അഞ്ജു ആത്മഹത്യ ചെയ്തിട്ട് മൂന്ന് മാസമായി. പക്ഷേ ഇനിയും നീതികിട്ടാത്ത അച്ഛൻ ഷാജിയും, അമ്മ സജിതയും സഹോദരൻ ശ്രീക്കുട്ടനും കണ്ണീർ മഴയത്താണ്.

 നീതി കിട്ടുമെന്ന് പ്രതീക്ഷ

'പൊലീസിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. പക്ഷേ,​ നടപടിയൊന്നുമാകുന്നില്ല. കുറ്റക്കാരെ ശിക്ഷിച്ചില്ലെങ്കിൽ ഞങ്ങളും അവൾക്കൊപ്പം പോകും. കടയിലും വീട്ടിലുമെല്ലാം അവൾ ഉള്ളതുപോലെ തോന്നുകയാണ്. പരീക്ഷാ ഹാളിൽ നിന്ന് അവൾ ഇറങ്ങിപ്പോകുന്ന സി.സി ടിവിയിലെ വീഡിയോ മൊബൈൽ ഫോണിൽ എന്നും കാണും, കരയും. അല്ലാതെ ഞങ്ങൾ എന്ത് ചെയ്യാനാണ്". കരഞ്ഞു വറ്റിയ കണ്ണുകളുമായി സജിത തുടർന്നു.

കട വീണ്ടും തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. വീട്ടിൽ വല്ലപ്പോഴും പലഹാരമുണ്ടാക്കിയിരുന്ന സജിതയോട് അഞ്ജുവാണ് ബജിക്കട തുടങ്ങാമെന്ന് പറഞ്ഞത്. ബി.കോമിന് ശേഷം സി.എയ്ക്ക് പോകണമെന്നായിരുന്നു മോഹം. രാവിലെ ചിരിച്ച് കളിച്ച് പോയ മോളുടെ മൃതദേഹമാണ് പിന്നെ ഞാൻ കണ്ടത്.- സജിതയുടെ വാക്കുകളിടറി.

ഹാൾടിക്കറ്റിന് പിന്നിൽ അഞ്ജു കോപ്പിയെഴുതിയെന്ന് കോളേജ് അധികൃതർ പറയുന്നുണ്ടെങ്കിലും ഉത്തരക്കടലാസിൽ അതൊന്നുമില്ല. സർവകലാശാല അധികൃതരും ഇത് സമ്മതിക്കുന്നുണ്ട്. ഹാൾടിക്കറ്റിലെ കൈയക്ഷരം അഞ്ജുവിന്റേതാണോയെന്ന് അറിയാനുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിട്ടില്ല. കൊവിഡ് കാരണം വൈകുന്ന ഫലം വന്നാലേ അന്വേഷണം മുന്നോട്ടുപോകൂ എന്നാണ് പൊലീസിന്റെ നിലപാട്.