പാലാ: ഗവ: ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ മന്ദിര നിർമ്മാണത്തിനായി 2018 മെയ് 24ന് കെ.എം.മാണി ഇട്ട ശിലാഫലകം മന്ദിരത്തിൽ സ്ഥാപിക്കാത്തതിൽ കേ കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അധികൃതരെ പ്രതിഷേധം അറിയിച്ചു. കെ.എം. മാണി സ്ഥാപിച്ച ഫലകം ഉദ്ഘാടന സമയത്ത് ഉണ്ടാവരുതെന്ന് ചിലർ നിർദ്ദേശിച്ചതനുസരിച്ചാണ് ഫലകം സ്ഥാപിക്കാതെ ഒഴിവാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബന്ധപ്പെട്ടവരുടെ നടപടി നീതികേടാണ്. ഫലകം സ്ഥാപിക്കാനെത്തിയ തൊഴിലാളികളെ തടയുകയും ചെയ്തു.ഇതിന് കൂട്ടുനിന്ന അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ല. സംഭവത്തിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സംഭവത്തിൽ വിവാദം വേണ്ടെന്ന് സ്‌കൂൾ അധികൃതർ പ്രതികരിച്ചു. കെ.എം. മാണിയുടെ പേരിലുള്ള ഫലകം ഉദ്ഘാടന ഫലകത്തോട് ചേർന്ന് ഇന്ന് തന്നെ സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകിയതായും സ്‌കൂൾ അധികൃതർ അറിയിച്ചു. ഉദ്ഘാടനം മുൻകൂട്ടി നിശ്ചയിക്കാതെ വേഗത്തിലാക്കിയതിനാൽ ഫലകങ്ങളെല്ലാം സ്ഥാപിക്കുന്നതിന് വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് കരാറുകാരന്റെ വിശദീകരണം. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ അവശേഷിക്കുന്നുണ്ട്. ഇതോടൊപ്പം പഴയ ഫലകം ഇന്ന് തന്നെ സ്ഥാപിക്കുമെന്നാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.