കോട്ടയം: നീതിനിഷേധത്തിൽ പ്രതിഷേധിച്ചു യാക്കോബായ സുറിയാനി സഭയുടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഉപവാസസമരം ഇന്ന് ആരംഭിക്കും.ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിന് മുമ്പിൽ പ്രത്യേകം തയാറാക്കിയ പെരുമ്പള്ളി മോർ ഗ്രീഗോറിയോസ് വേദിയിലാണു സമരം. ദിവസവും രാവിലെ 10നു മുതൽ വൈകുന്നേരം അഞ്ചു വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് റിലേ ഉപവാസസമരം. സമരത്തിനു ഭദ്രാസന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മാർ തീമോത്തിയോസ് നേതൃത്വം നൽകും. ഭദ്രാസനത്തിലെ വൈദീകർ, ഇടവക ഭാരവാഹികൾ, ആത്മീയ സംഘടനാ പ്രതിനിധികൾ, ഭദ്രാസന കൗൺസിൽ, സഭാ മാനേജിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, വിശ്വാസികൾ എന്നിവർ ഉപവസിക്കും.
സഭയ്ക്കു നീതി ലഭിക്കുവാനും ഇടവക ജനങ്ങളുടെ അവകാശങ്ങളും ആരാധന സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുമായി സർക്കാർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടുമാണ് സമരം നടത്തുന്നതെന്നും ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും 13 മുതൽ റിലേ ഉപവാസ സത്യഗ്രഹ സമരം ക്രമീകരിച്ചിട്ടുണ്ടെന്നും ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയും ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗവും അറിയിച്ചു.
ഇന്നു രാവിലെ 10നു ചേരുന്ന ഉദ്ഘാടനസമ്മേളനത്തിൽ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷതവഹിക്കും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സഖറിയാസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നടത്തും. ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം ആമുഖപ്രസംഗവും റവ.ഡോ. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ മൂലയിൽ വിഷയാവതരണവും നടത്തും. മെത്രാപ്പോലീത്താമാരായ തോമസ് മാർ അലക്‌സന്ത്രയോസ്, മാത്യൂസ് മാർ തീമോത്തിയോസ്, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ബാബു വർഗീസ് പതിനാലിൽപ്പറയിൽ, സഭ വൈദീക ട്രസ്റ്റി സ്ലീബാ പോൾ കോർഎപ്പിസ്‌കോപ്പ വട്ടവേലിൽ, സഭാ ട്രസ്റ്റി ഷാജി ചൂണ്ടയിൽ, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അനിൽ കെ. കുര്യൻ നെച്ചിക്കാട്ട്, അഡ്വ. ബെന്നി കുര്യൻ, കെ.ഒ. ഏലിയാസ് തുടങ്ങിയവർ പ്രസംഗിക്കും.