ചങ്ങനാശേരി: വീടുകയറി അക്രമിച്ച് സ്വർണമാല പിടിച്ചു പറിച്ച കേസിൽ അറസ്റ്റിലായ മുത്തൂറ്റ് പോൾ വധക്കേസിലെ രണ്ടാം പ്രതി കാരി സതീശനെ (37) റിമാൻഡ് ചെയ്തു. അക്രമണത്തിന് സതീശന്റെ കൂടെയുണ്ടായിരുന്ന സുജിത് ശ്യം, ജാക്സൺ എന്നിവരെ പിടികൂടാൻ തൃക്കൊടിത്താനം പൊലീസ് അന്വേഷണം ഊർജിതമാക്കി. നാലുകോടി വേഷ്ണാൽ ഭാഗത്ത് ആനക്കുടി ജോയിച്ചന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും മകൻ പീറ്ററിന്റെ കഴുത്തിൽ വടിവാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം ഒരു പവൻ വരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്. ഒ ഇ അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. നിരവധി കേസുകളിലെ പ്രതിയായ കാരി സതീശൻ പരോളിലിറങ്ങി വീടുകൾ കേന്ദ്രീകരിച്ചു അക്രമം നടത്തുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. സതീശനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.