krishnan

കോട്ടയം : ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് വീടൊരുക്കാം വീണ്ടെടുക്കാം വിശ്വ ശാന്തിയേകാം എന്ന സന്ദേശം വിളംബരം ചെയ്ത് സംസ്ഥാനത്തൊട്ടാകെ ലക്ഷക്കണക്കിന് വീടുകളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാറും പൊതു കാര്യ ദർശി കെ എൻ .സജികുമാറും അറിയിച്ചു. ഇന്ന് രാവിലെ വീടുകൾ വൃന്ദാവനമാക്കി നിർമ്മിച്ച കൃഷ്ണ കുടീരങ്ങളിൽ കണ്ണനെ വന്ദിച്ചും കൃഷ്ണകുടീരങ്ങൾക്ക് മുൻപിൽ നിറക്കൂട്ടുകൾ ഒരുക്കിയും കൃഷ്ണ പൂക്കളമിട്ടും ആഘോഷിക്കും. വീട്ടിലെ കുട്ടികൾക്കും അയൽവീട്ടിലെ കുട്ടികൾക്കും കൃഷ്ണവേഷത്തിൽ ഉച്ചയ്ക്ക് കണ്ണനൂട്ട് നൽകും. വൈകിട്ട് വീട്ടിലെ ബാലികാ- ബാലന്മാരെ രാധാകൃഷ്ണ വേഷമണിയിക്കും. വീട്ടിലെ മുതിർന്നവരെല്ലാം കേരളീയവേഷം അണിയും. 5.30ന് ശ്രീകൃഷ്ണ വേഷമണിഞ്ഞ കുട്ടി കൃഷ്ണ കുടീരത്തിൽ അലങ്കരിച്ച് വച്ചിരിക്കുന്ന ശ്രീകൃഷ്ണവിഗ്രഹത്തിന് മുന്നിൽ നിലവിളക്കിൽ ദീപം പകർന്ന് ഗോകുല പ്രാർത്ഥന നടത്തും. തുടർന്ന് വീടുകൾ മൺചിരാതുകൾ കൊണ്ട് ദീപാലങ്ക്യതമാക്കും. 6. 30 മുതൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സമാപന കാര്യപരിപാടിയിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജീവനകലയുടെ ആചാര്യൻ രവിശങ്കർജി, മാതാ അമൃതാനന്ദമയി എന്നിവരുടെ ജന്മാഷ്ടമി സന്ദേശം ഉണ്ടാകും. പിന്നണി ഗായകരായ പി. ജയചന്ദ്രൻ, എം. ജയചന്ദ്രൻ, കെ.എസ്. ചിത്ര, വൈക്കം വിജയലക്ഷ്മി, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന പൊതു കാര്യദർശി കെ.എൻ.സജി കുമാർ കോട്ടയം പാമ്പാടിയിലും ഉപാദ്ധ്യക്ഷൻ ഡോ.എൻ ഉണ്ണികൃഷ്ണൻ കോട്ടയത്തും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി.എൻ. പുരുഷോത്തമൻ പള്ളിക്കത്തോട്ടിലും, പി.എൻ. സുരേന്ദ്രൻ പൂഞ്ഞാറിലും കെ.രാധാകൃഷ്ണൻ വൈയ്ക്കത്തും പങ്കെടുക്കും.