പാലാ. ഇടതുപക്ഷം ഭരിക്കുന്ന കടനാട് സഹകരണബാങ്കിൽ വൻ സാമ്പത്തിക അഴിമതിയെന്ന് യു.ഡി.എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. വായ്പാ വിതരണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ട്. വഴിവിട്ട് അനുവദിച്ച വായ്പകളിൽ കിട്ടാക്കടമായി കോടികളുണ്ട്. മതിയായ രേഖകളില്ലാതെയാണ് വേണ്ടപ്പെട്ടവർക്ക് തുക അനുവദിച്ചതെന്നും ആരോപണമുണ്ട്. ഏകദേശം രണ്ടു കോടി രൂപയുടെ ലോൺ കൺഫർമേഷൻ നോട്ടീസ് അവകാശി കൈപ്പറ്റാതെ മടങ്ങിയത് പത്തു പേരുടേതാണ്. കോർബാങ്കിംഗ്, മൊബൈൽ ആപ്‌ളിക്കേഷൻസ് എന്നീ സേവനങ്ങൾ ആരംഭിക്കുന്നതിന് അനുവദിച്ച തുക ദുരുപയോഗം ചെയ്യുകയും പദ്ധതികൾ നടപ്പാകാതെ വരുകയും ചെയ്തു. മറ്റത്തിപ്പാറ ബ്രാഞ്ച് നവീകരിച്ചതിലും നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിലും ക്രമക്കേടും അഴിമതിയുമുണ്ട്. സഹകരണവകുപ്പ് നിയമം 66(2) വകുപ്പ് പ്രകാരമുള്ള എൻക്വയറി റിപ്പോർട്ടിൽ വീഴ്ചകൾ കണ്ടെത്തിയെങ്കിലും നടപടിയില്ല. മുൻ ബാങ്ക് പ്രസിഡന്റിനെകതിരേ നടപടിയെടുക്കണമെന്ന് യു ഡി എഫ് കടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ നിയമനത്തിൽ അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറി ടോമി കല്ലാനി, സെക്രട്ടറി ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം, മണ്ഡലം പ്രസിഡജന്റ് ടോം കോഴിക്കോട്, ആർ സജീവ്, സണ്ണി മുണ്ടനാട്ട്, മത്തച്ചൻ അരീപ്പറമ്പിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം യു.ഡി.എഫ് ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതുമാണെന്ന് ബാങ്ക് പ്രസിഡന്റ് സാബു പൂവത്തിങ്കൽ പറഞ്ഞു.. 2017 ലെ ഓഡിറ്റ് റിപ്പോർട്ടിനെ കുറിച്ച് 2020ൽ പറയുന്നത് തന്നെ ദുരുദ്ദേശപരമാണ്. യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭത്തിൽ കൊണ്ടുവന്നത് ഇപ്പോഴത്തെ ഭരണ സമിതിയാണ്. സ്ഥാപിത താത്പര്യങ്ങൾക്കു വേണ്ടി തെറ്റിദ്ധാരണ പരത്തി ബാങ്കിനെ തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സാബു പൂവത്തിങ്കൽ കുറ്റപ്പെടുത്തി.