പൊൻകുന്നം: തിരുവാറന്മുള ക്ഷേത്രത്തിൽ ചേനപ്പാടി കരക്കാർ പാളത്തൈര് സമർപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ചേനപ്പാടിയിൽ നിന്നുള്ള പാർഥസാരഥി ഭക്തജനസമിതിയംഗങ്ങൾ പാളപ്പാത്രങ്ങളിൽ തയാറാക്കിയ തൈര് കൊടിമരച്ചുവട്ടിൽ സമർപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം മുൻവർഷങ്ങളിലേതുപോലെ ഘോഷയാത്രയില്ലാതെ, ലളിതമായ ചടങ്ങുകളോടെയായിരുന്നു സമർപ്പണം.

ചേനപ്പാടി ഗ്രാമത്തിൽ ഒരു നൂറ്റാണ്ടുമുൻപ് ചെറിയമഠത്തിൽ കേളുച്ചാർ തുടങ്ങിവെച്ച ആചാരമാണിത്. ഏറെക്കാലം നിലച്ചുപോയ ആചാരം പിന്നീട് വാഴൂർ തീർത്ഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ രക്ഷാധികാരിയായ ചേനപ്പാടി പാർത്ഥസാരഥി ഭക്തജനസമിതിയുടെ നേതൃത്വത്തിൽ പുനരാരംഭിക്കുകയായിരുന്നു.

ചേനപ്പാടിയിൽ ഭക്തർ തയാറാക്കിയ തൈരും വാഴൂർ തീർത്ഥപാദാശ്രമത്തിൽ നിന്നുള്ള തൈരുമാണ് ജന്മാഷ്ടമി വള്ളസദ്യക്ക് വിളമ്പുന്നതിനായി സമർപ്പിച്ചത്. ഇത്തവണ സദ്യ ചടങ്ങുമാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.