കട്ടപ്പന: ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് ഒരുവർഷമായി ശമ്പളമില്ല. കഴിഞ്ഞവർഷം ആറുമുതൽ ഒരുവർഷം വരെ കാലയളവിൽ ജോലി ചെയ്തവരാണ് അവഗണനയുടെ പിന്നാമ്പുറത്തേയ്ക്ക് തള്ളപ്പെട്ടത്. എന്നാൽ സമന്വയ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാറാണെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ വിശദീകരണം. കൊവിഡ് കാലത്ത് ജോലി പോലുമില്ലാതെ വലയുമ്പോഴാണ്, സേവനമനുഷ്ഠിച്ച കാലയളവിലെ വേതനം നിഷേധിക്കപ്പെടുന്നത്. ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയായില്ല. സ്ഥിര അധ്യാപകർ അവധിയിൽ പ്രവേശിക്കുകയോ പുതിയ നിയമനങ്ങൾക്ക് കാലതാമസം നേരിടുകയോ ചെയ്യുമ്പോഴാണ് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നൽകുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നാണ് വേതനം നൽകേണ്ടത്. അധ്യാപകരുടെ അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളും പരിശോധിച്ചാണ് തുക അനുവദിക്കുന്നത്.
എന്നാൽ അനാവശ്യ വാദങ്ങൾ നിരത്തി അപേക്ഷകൾ അവഗണിച്ചു. അപാകതകൾ ഉണ്ടെങ്കിൽ അതു പരിഹരിച്ച് വേതനം ഉറപ്പാക്കേണ്ടവർ നിയമവിരുദ്ധമായി അപേക്ഷകൾ നിരസിക്കുകയാണ്. ഇവിടുന്നു തള്ളുന്ന അപേക്ഷകൾക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നാണ് നടപടികൾ പൂർത്തീകരിച്ച് അനുമതി നൽകുന്നത്. എന്നാൽ സമന്വയ സോഫ്റ്റ് വെയർ തകരാറിലായതോടെ അനുമതി നൽകാൻ കഴിയുന്നില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് പറഞ്ഞു. എന്നാൽ അപാകത പരിഹരിക്കാൻ വകുപ്പുതലത്തിൽ നടപടിയില്ല.