കോട്ടയം: ആറു വർഷം മുമ്പ് കോട്ടയം കോടിമത സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഒരു കിലോയിലധികം പണയ ഉരുപ്പടികൾ നഷ്ടപ്പെട്ട കേസിൽ പ്രതിയെ കോട്ടയം വിജിലൻസ് കണ്ടെത്തി. ഈ ബാങ്കിലെ കീഴ്കുന്ന് ശാഖയിലെ ജീവനക്കാരിയാണ് മോഷണം നടത്തിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. അന്ന് ഹെഡ് ഓഫീസിലെ ജീവനക്കാരിയായിരുന്നു ഇവർ. യുവതി കുറ്റം സമ്മതിച്ചതായിട്ടാണ് അറിയുന്നത്.
ഈ ബാങ്കിന്റെ കീഴ്കുന്ന് ശാഖയിലും പണയഉരുപ്പടികൾ മോഷണം പോയതിനെ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് 2014ൽ കോടിമതയിലെ ഹെഡ് ഓഫീസിൽ നടന്ന കളവിനെക്കുറിച്ച് സൂചന കിട്ടിയതും കൂടുതൽ അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തിയതും.
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖലാ മേധാവി വി.ജി വിനോദ് കുമാർ വിജിലൻസ് ഡയറക്ടർക്ക് നല്കിയ കത്തിനെ തുടർന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഡിവൈ.എസ്.പി വി.ജി രവീന്ദ്രനാഥാണ് കേസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.
ബാങ്കിന്റെ ഹെഡ് ഓഫീസിൽ നടന്ന കളവ് അന്വേഷിച്ചത് കോട്ടയം വെസ്റ്റ് പൊലീസായിരുന്നു. ഓഫീസിലെ ജീവനക്കാർ ആരെങ്കിലും ലോക്കറിൽ നിന്നും സ്വർണം അപഹരിച്ചതാവാമെന്നായിരുന്നു ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് മാനേജർ,സെക്രട്ടറി എന്നിവരുടെ പേരിൽ കേസ് എടുത്തത്. ഹെഡ് ഓഫീസിലെ ക്ലർക്ക് ആയിരുന്ന ജീവനക്കാരിയുടെമേൽ അന്വേഷണം എത്തിയിരുന്നുമില്ല. ഇതിനിടയിൽ കീഴ്കുന്ന് ബ്രാഞ്ചിലേക്ക് ഈ ജീവനക്കാരിക്ക് മാറ്റം ഉണ്ടായി.
2015ൽ കീഴ്കുന്ന് ബ്രാഞ്ചിൽ വ്യാജരേഖ വച്ച് 87 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമുണ്ടായി. കൂടാതെ പണയ ഉരുപ്പടികളും കാണാതായി. മാനേജർ നല്കിയ പരാതിയെ തുടർന്ന് കേസ് അന്വേഷണം കഴിഞ്ഞയിടെ വിജിലൻസിനെ ഏല്പിച്ചിരുന്നു. ഇത് അന്വേഷിച്ച ഡിവൈ.എസ്.പി വി.ജി രവീന്ദ്രനാഥാണ് ആറു വർഷം മുമ്പ് ഹെഡ്ഓഫീസിൽ നടന്ന 1202.1 ഗ്രാം പണയ ഉരുപ്പടി നഷ്ടപ്പെട്ടതിന്റെ ചുരുളുകൾ അഴിച്ചത്.
കീഴ്കുന്ന് ബ്രാഞ്ചിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണയ ഉരുപ്പടികൾ പരിശോധിക്കവേ ഒരു മാല കണ്ടെത്തിയിരുന്നു. ഈ മാല ഹെഡ് ഓഫീസിൽ നിന്നും നഷ്ടപ്പെട്ട പണയ ഉരുപ്പടിയാണെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്ന് പണയ ഉരുപ്പടികൾ പരിശോധിക്കവേ ഒരു കിലോയോളം സ്വർണം (900ഗ്രാം) ജീവനക്കാരിയുടേയും അമ്മയുടെയും സഹോദരിയുടെയും പേരിൽ കീഴ്കുന്ന് ബ്രാഞ്ചിൽ പണയപ്പെടുത്തിയതായും കണ്ടെത്തി. സ്വർണ ഉരുപ്പടികൾ പണയപ്പെടുത്തിയപ്പോൾ ഇട്ട ഒപ്പുകളും വ്യാജമാണെന്ന് കണ്ടെത്തി. തുടർന്നാണ് ജീവനക്കാരിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്തത്.
ഹെഡ് ഓഫീസിൽ നിന്നും കളവു പോയ സ്വർണത്തിൽ കുറെഭാഗം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണം കൈപ്പറ്റിയിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണ ഉരുപ്പടികൾ പണയപ്പെടുത്തിയപ്പോൾ ഇട്ട ഒപ്പുകളും വ്യാജമാണെന്ന് കണ്ടെത്തി. ഹെഡ് ഓഫീസിലെ ലോക്കറിൽ എട്ടു പായ്ക്കറ്റിലായി സൂക്ഷിച്ചിരുന്ന 1202.1 ഗ്രാം സ്വർണമാണ് നഷ്ടമായത്.