ayurveda

കോട്ടയം: ടൂറിസ്റ്റ് സീസൺ വരവായി. ആയുർവേദ സുഖചികിത്സ ഉൾപ്പെടെയുള്ള പദ്ധതികളുമായി വിദേശ ടൂറിസ്റ്റുകളെ അടക്കം ആകർഷിക്കാനൊരുങ്ങി കേരളം. കൊവിഡ് പശ്ചാത്തലത്തിലാണ് ആയുർവേദ ചികിത്സയ്ക്ക് പ്രാധാന്യം നല്കി വിദേശ- ഉത്തരേന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കേരളം തയാറാവുന്നത്.കൊവിഡിൽ തകർന്ന ടൂറിസം മേഖലയെ രക്ഷിച്ചെടുക്കലാണ് ലക്ഷ്യം. സഞ്ചാരികളെ ആകർഷിക്കാൻ വിദേശങ്ങളിൽ പ്രചാരണ പരിപാടികൾക്കും ടൂറിസം വകുപ്പ് രൂപം നല്കും.

ആയുർവേദത്തെ ചൂണ്ടിക്കാട്ടി

ഡിസംബർ, ജനുവരി മാസങ്ങളിലാണ് വിദേശ ടൂറിസ്റ്റുകൾ കൂടുതലായി കേരളത്തിലെത്തിയിരുന്നത്. വരാനിരിക്കുന്ന ഈ സീസണിൽ ടൂറിസ്റ്റുകൾ എത്തണമെങ്കിൽ ഇപ്പോൾതന്നെ ബുക്കിംഗ് ആരംഭിക്കണം. ഇല്ലെങ്കിൽ വിദേശിയർ ശ്രീലങ്ക, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചെക്കേറും. ഇത് മുന്നിൽകണ്ട് അടുത്തമാസം തന്നെ ടൂറിസ്റ്റ് സെന്ററുകൾ തുറക്കാനാണ് സർക്കാർ ആലോചന. ഇതുസംബന്ധിച്ച ഫയൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ മാസം തന്നെ അതിൽ ഒപ്പിടും. പ്രവർത്തനങ്ങൾ ഏതു രീതിയിൽ പുനരാരംഭിക്കണമെന്നതിനെക്കുറിച്ച് ടൂറിസം വകുപ്പ് വിശദമായ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. വിപണനതന്ത്രങ്ങളും ആവിഷ്കരിച്ചുകഴിഞ്ഞു.

കേരളത്തിലെ ആയുർവേദ മസാജിംഗ് സെന്ററുകളെക്കുറിച്ച് വിദേശിയർക്ക് മതിപ്പാണ്. കൊവിഡ് പ്രതിരോധത്തിന് ആയുർവേദ ചികിത്സ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടിയാവും പ്രചാരണം. വിദേശ ടൂർ ഓപ്പറേറ്റർമാരെ ഇക്കാര്യങ്ങൾ അറിയിക്കും. കൂടാതെ സൈറ്റിലൂടെയും ഇത് പ്രചരിപ്പിക്കും. വിദേശ ടൂർ ഓപ്പറേറ്റർമാർ ഡിസംബറിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ടൂറിസം രംഗം പൂർണമായി തുറക്കണമെന്നാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം. സഞ്ചാരികൾക്ക് ക്വാറന്റീൻ ഒഴിവാക്കണമെന്നും ഇപ്പോൾ തന്നെ ബിസിനസ് സഞ്ചാരികൾക്ക് ഒരാഴ്ചവരെ താമസിക്കാൻ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് ടൂറിസം മന്ത്രി നല്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധികൾ ഒഴിവാക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ടൂറിസം മന്ത്രിക്ക് ഒരു മാസം മുമ്പ് നിവേദനം നല്കിയിരുന്നു. ഇതേ തുടർന്നുള്ള ചർച്ചയിലാണ് ഒക്ടോബറിൽ ടൂറിസം മേഖല തുറക്കാൻ ആലോചിക്കുന്നത്.