leaf

കറുകച്ചാൽ: കൊവിഡ് വ്യാപനത്തിനിടയിലും ജീവിക്കാനുള്ള പണം ലഭിക്കുമല്ലോയെന്ന റബർ കർഷകരുടെ പ്രതീക്ഷയ്ക്ക് മേൽ ഇല പൊഴിയുകയാണ്. കാലങ്ങൾക്ക് ശേഷം റബറിന് അല്പം വില ലഭിക്കുന്ന അവസ്ഥയെത്തിയപ്പോൾ പ്രതീക്ഷ തകർത്ത് വ്യാപകമായി ഇലപൊഴിച്ചിൽ രോഗം! കറുകച്ചാൽ, മാമ്മൂട്, നെടുങ്കുന്നം മേഖലകളിലാണ് ഇലപൊഴിച്ചിൽ രോഗം ശക്തമായിരിക്കുന്നത്. ഇതോടെ റബർ കർഷകർ നിരാശയിലായി. തളിരില കൊഴിയുന്ന രോഗവും ഇതോടൊപ്പം വർദ്ധിച്ചതോടെ ഉത്പാദനം പകുതിയായി.

കാലവർഷം ശക്തമായതോടെയാണ് റബർ മരങ്ങളുടെ ഇലകൾ പൊഴിഞ്ഞു തുടങ്ങിയത്. മഴ പെയ്ത് തണ്ടുകൾ പഴുത്ത് ഇലകൾ കൊഴിയുന്നതാണ് രോഗം. തൈ മരങ്ങളുടെ തളിരിലകൾ ചീയുന്ന രോഗവും വ്യാപിച്ചു. ഇത് തൈകളുടെ വളർച്ചെയെയും സാരമായി ബാധിക്കും.

ഉത്പാദനം പകുതിയായി

ലോക്ക്ഡൗണിനെ തുടർന്ന് ഈ വർഷം ടാപ്പിംഗ് പല തോട്ടങ്ങളിലും താമസിച്ചാണ് ആരംഭിച്ചത്. റെയിൻഗാർഡിംഗ് ചെയ്യാതെ ടാപ്പിംഗ് മുടങ്ങിക്കിടക്കുന്ന തോട്ടങ്ങളും നിരവധിയാണ്. മുൻ വർഷത്തേക്കാൾ 50 ശതമാനം കുറവാണ് ഉത്പാദനത്തിൽ ഉണ്ടായിട്ടുള്ളത്. സാധാരണയായി കൂടുതൽ കട്ടിയുള്ള പാൽ കിട്ടുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. ഇലകൾ കൊഴിയുന്നതോടെ പാലിന്റെ ഡി.ആർ.സി. (ഡ്രൈ റബർ കണ്ടന്റ്) കുറയും. ഇത് ഉത്പാദനം കുറയുന്നതിനും തൂക്കം കുറയുന്നതിനും കാരണമാകും. ഏപ്രിൽ, മെയ് മാസത്തിൽ കാര്യമായ ഉത്പാദനം ലഭിച്ചിരുന്നുമില്ല. ഇല കൊഴിച്ചിൽ തുടർന്നാൽ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള പ്രധാന ഉത്പാദന കാലത്തെ ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്.

ഈ വർഷം ജൂൺ, ജൂലായ് മാസങ്ങളിലാണ് ടാപ്പിംഗ് ആരംഭിച്ചത്. ഇലകൾ കൊഴിയുന്നതിനാൽ കർഷകർ ആകെ വെപ്രാളത്തിലാണ്. ഇലകൊഴിച്ചിലിനെ പ്രതിരോധിക്കാൻ കുമിൾനാശിനികൾ തളിക്കുകയാണ് പതിവ്. എന്നാൽ വിലയിടിവും മറ്റ് ചെലവുകളും വർദ്ധിച്ചതോടെ പലരും ഇത്തരം ജോലികൾ തോട്ടങ്ങളിൽ നടത്തുന്നില്ല. തുരിശ് തളിയ്ക്കൽ, കോപ്പർ-ഓക്‌സി-ക്ലോറൈഡ് എന്നിവയാണ് പ്രധാനമായും ഇലകൊഴിച്ചിൽ രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് ഇവ തളിച്ചാൽ മാത്രം രോഗത്തെ ഒരു പരിധി വരെ തടയാൻ കഴിയും.

പാലിന്റെ കൊഴുപ്പ് വളരെ കുറഞ്ഞു. ടാപ്പിംഗ് ആരംഭിച്ചപ്പോൾ ആദായം ലഭിച്ചെങ്കിലും മഴ ശക്തമായതോടെ കുമിൾരോഗവും ഇലകൊഴിച്ചിലും വർദ്ധിച്ചു. ഇത് ഉത്പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

നെടുങ്കുന്നം ശ്രീകാന്ത്

റബർ കർഷകൻ