kasumala

കോട്ടയം: കാശ് മാല തെളിവായി. ആറു വർഷം മുമ്പ് കോട്ടയം കോടിമത സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും മോഷണം പോയ ഒരു കിലോ സ്വർണത്തിന് തുമ്പായി. സംഭവത്തിന് പിന്നിൽ ഒരു ജീവനക്കാരിയാണെന്നും തെളിഞ്ഞു. ബാങ്കിന്റെ കീഴ്ക്കുന്ന് ശാഖയിൽ സ്ഥിരനിക്ഷേപത്തിൽ നിന്ന് 87 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം വിലിജൻസ് എസ്.പി വി.ജി വിനോദ്കുമാർ ഏറ്റെടുത്തതോടെയാണ് വർഷങ്ങളായി തെളിയാതെകിടന്ന സംഭവത്തിന് തുമ്പായത്. കീഴ്ക്കുന്ന് ശാഖയിൽ നിന്നും പണയ ഉരുപ്പടികളും കാണാതായിരുന്നു. വിജിലൻസ് ഏറ്റെടുത്തതോടെയാണ് കേസിന് കാര്യമായ അനക്കം വച്ചത്.

സൂക്ഷ്മമായ അന്വേഷണത്തിൽ ഹെഡ് ഓഫീസിൽ നിന്നും കാണാതായ കാശ് മാല കീഴ്കുന്ന് ശാഖയിലെ ലോക്കറിൽ കണ്ടെത്തി. ബാങ്കിന്റെ സെക്രട്ടറിയെ വിളിച്ചുവരുത്തി മാല കാണിച്ചു. പണയ റെക്കാഡ് പരിശോധിച്ചപ്പോൾ ഒരു ജീവനക്കാരിയുടെ അമ്മയുടെ പേരിൽ പണയപ്പെടുത്തിയതാണെന്ന് കണ്ടെത്തി. പണയപ്പെടുത്താനായി നല്കിയ അപേക്ഷയിൽ ഇട്ടിരുന്നത് കള്ള ഒപ്പാണെന്നും വ്യക്തമായി. സംശയം വന്നതോടെ ജീവനക്കാരിയെ നിരീക്ഷണത്തിലാക്കി. കൂടാതെ ജീവനക്കാരിയുടെ ആസ്തിയും രഹസ്യമായി പരിശോധിച്ചു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതോടെ ജീവനക്കാരിയെ ചോദ്യം ചെയ്യുകയായിരുന്നു.

ആഡംബരകാർ എങ്ങനെ വാങ്ങിയെന്നും വീട് വച്ചതിന്റെ സാമ്പത്തികം എവിടെനിന്നാണെന്നും ചോദിച്ചതോടെ ജീവനക്കാരിക്ക് ഉത്തരം മുട്ടി. ഹെഡ് ഓഫീസിലെ ലോക്കറിൽനിന്നും മോഷ്ടിച്ചെടുത്ത സ്വർണത്തിൽ കുറെ ജൂവലറിയിൽ നിന്നും മാറ്റിവാങ്ങി പുതിയ സ്വർണമാക്കിയിരുന്നു. കാശ് മാലയും ഭംഗിയുള്ള കുറെ ആഭരണങ്ങളും മാറ്റി വാങ്ങിയില്ല. ആകെ 909 ഗ്രാം സ്വർണമാണ് കീഴ്കുന്ന് ശാഖയിൽ പണയം വച്ചത്. അമ്മയുടെയും സഹോദരിയുടെയും പേരിലാണ് പണയം വച്ചിരുന്നത്. ഇതിലെ ഒപ്പെല്ലാം ഇട്ടത് ജീവനക്കാരി തന്നെയായിരുന്നു. കുറച്ചുസ്വർണം കോട്ടയത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയിട്ടുണ്ട്. 2016-2017 കാലഘട്ടത്തിലാണ് സ്വർണാഭരണങ്ങൾ കീഴ്കുന്ന് ശാഖയിൽ പണയം വച്ചത്. സ്വർണം വിറ്റ പണംകൊണ്ടാണ് വീട് പണിതതും കാറ് വാങ്ങിയതെന്നുമാണ് അറിയുന്നത്.

ഹെഡ് ഓഫീസിൽ നിന്നും പണയ ഉരുപ്പടികൾ നഷ്ടപ്പെട്ടതോടെ കേസായി. ബാങ്ക് മാനേജരെയും സെക്രട്ടറിയേയും പ്രതിയാക്കി കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തിരുന്നു. കീഴ്കുന്ന് ശാഖയിൽ തിരിമറി നടന്നതോടെ 2014ൽ പ്രതിയെന്ന് സംശയിച്ചിരുന്ന ജീവനക്കാരി ഹെഡ് ഓഫീസിൽ ജോലി ചെയ്തിരുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖലാ മേധാവി വി.ജി വിനോദ് കുമാർ കീഴ്ക്കുന്നിലെ തിരിമറിയെക്കുറിച്ചും ഹെഡ് ഓഫീസിൽനിന്നും ഒരു കിലോ പണയ ഉരുപ്പടി മോഷണത്തെക്കുറിച്ചും വിജിലൻസ് ഡയറക്ടർക്ക് കത്ത് നല്കി. അതോടെയാണ് വിജിലൻസ് അന്വേഷണത്തിന് വഴിതുറന്നതും കള്ളി വെളിച്ചത്തുകൊണ്ടുവന്നതും.