oommen

കോട്ടയം: ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷം 17ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യും. 'സുകൃതം, സുവർണം' എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷമാണ് സംഘടിപ്പിക്കുന്നത്.

സൂം ആപ്പിലൂടെ വൈകിട്ട് അഞ്ചിനാണ് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുക. സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക, ആദ്ധ്യാത്മിക മേഖലകളിലുള്ള 50 പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്‌നിക് തുടങ്ങിയവരും സൂം ആപ്പിലൂടെ ആശംസ നേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും ഇടതു മുന്നണി സംസ്ഥാനനേതാക്കളും നേരിട്ട് പങ്കെടുക്കും. വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങ് 16 ലക്ഷത്തിൽപരം ആളുകൾ തത്സമയം കാണത്തക്ക വിധത്തിലുള്ള വിപുലമായ ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പത്ര സമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 5ന് ഉമ്മൻചാണ്ടിയുടെ ലൈഫ് സ്‌കെച്ച് അവതരിപ്പിക്കും. പുതുപ്പള്ളി മണ്ഡലത്തിൽ അന്ന് രാവിലെ 9 മുതൽ പരിപാടികൾ ആരംഭിക്കും. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നേരിട്ടെത്തി ഉമ്മൻചാണ്ടി സന്തോഷത്തിൽ പങ്കുചേരും. കെ.സി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, പി.എ സലീം, നാട്ടകം സുരേഷ്, പി.എസ്.രഘുറാം, ജോസി സെബാസ്റ്റ്യൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.