വൈക്കം : താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്‌സൈസ് റെയ്ഡ് നടത്തി. തട്ടാവേലി, വടകര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവുമായി രണ്ട് യുവാവാക്കൾ പിടിയിലായി. തട്ടാവേലി പാലത്തിന് സമീപം പിടിയിലായ തലയാഴം അർജുൻ നിവാസിൽ അർജുൻകുമാറിൽ നിന്ന് (21) അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വീട്ടിൽ 7 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിനാണ് വടകര പടിഞ്ഞാറെ നിരപ്പ് വീട്ടിൽ അഖിൽ അശോകനെ പിടികൂടിയത്.

തലയാഴം പുന്നപ്പൊഴി രാജീവ് ഗാന്ധി കോളനിയുടെ കിഴക്കുഭാഗത്ത് ആൾതാമസം ഇല്ലാത്തതും പണിതീരാത്തതുമായ കെട്ടിടത്തിലെ മുറിയിൽ പ്ലാസ്​റ്റിക് ബോട്ടിലിൽ വച്ചുപിടിപ്പിച്ച നിലയിൽ 15 സെന്റി. മീ​റ്റർ നീളമുള്ള 19 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. പ്രതികൾക്കായി തെരച്ചിൽ നടത്തിവരികയാണ്.
സർക്കിൾ ഇൻസ്‌പെക്ടർ ടി.എം. മജുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. കെ. അനിൽകുമാർ, കെ. വി. ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ രതീഷ്‌കുമാർ.പി, ശ്യാംകുമാർ. എസ്, സനൽ. എൻ. എസ്, അജയകുമാർ. എസ്, സാജു. ടി. വി എന്നിവർ പങ്കെടുത്തു.