കുറവിലങ്ങാട് : കൊവിഡ് പ്രതിസന്ധിയും, പ്രതികൂല കാലാവസ്ഥയും മൂലം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കാലതാമസം നേരിട്ട എല്ലാ റോഡ് വികസന പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനം കാണക്കാരി ഗ്രാമപഞ്ചായത്ത് ഹാളിൽ ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിരവധി പരിമിതികളുണ്ടെങ്കിലും മണ്ഡലത്തിലെ ആവശ്യങ്ങൾക്ക് പരമാവധി പരിഗണന നൽകാൻ പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി എം.എൽ.എ നടത്തുന്ന ഇടപെടൽ അഭിനന്ദനാർഹമാണ്. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ പ്രധാന പാതകൾ ഉന്നത നിലവാരത്തിലേക്ക് മാറ്റിയെടുക്കാൻ കഴിയുന്ന പദ്ധതികളാണ് മണ്ഡലത്തിൽ സർക്കാർ അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാൻ, പൊതുമരാമത്ത് വകുപ്പ് കോട്ടയം റോഡ്‌സ് വിഭാഗം എക്‌സി. എൻജിനിയർ പി.ശ്രീലേഖ, ബ്ലോക്ക് മെമ്പർ കെ.പി ജയപ്രകാശ്, ചെറിയാൻ മാത്യു, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റെജി, റോയി ചാണകപ്പാറ, സജി ജോസഫ് വട്ടമറ്റം, മിനിമോൾ സതീശൻ, ദിവാകരൻ കാപ്പിലോരം, ബ്ലസി എസ് മരിയ, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.യു മാത്യു, ബേബി ജോസഫ്, കാണക്കാരി അരവിന്ദാക്ഷൻ, ജോബിൻ വാഴപ്പള്ളി, സി.ജി കൃഷ്ണകുമാർ, റോയി പി വർഗീസ് എന്നിവർ പ്രസംഗിച്ചു.