കോട്ടയം : ആറുമാസമായി അടഞ്ഞു കിടക്കുന്ന ബാറുകൾ തുറക്കാനുള്ള നീക്കം അനുകൂലമായാൽ ജില്ലയിൽ 49 ബാറുകളുടെയും 31 ബിയർ പാർലറുകളിലും അരണ്ട വെളിച്ചം നിറയും. ഇപ്പോൾ പാഴ്സൽ കേന്ദ്രങ്ങൾ മാത്രമായ ബാറുകൾ പഴയപടി മദ്യസൽക്കാര കേന്ദ്രങ്ങളായി മാറുന്നതിനോടാണ് ഉടമകൾക്ക് താത്പര്യം. എല്ലാവർക്കും സർക്കാർ വിലയ്ക്ക് മദ്യം എന്ന ഇപ്പോഴത്തെ നിലയും മാറും. നിലവിൽ ബാറുകളെല്ലാം ബിവറേജസ് ഔട്ട്ലെറ്റുകളായാണ് പ്രവർത്തിക്കുന്നത്. ബാറുകൾ ചില്ലറവില്പന ശാലകളായതോടെ കച്ചവടം കൂടിയെങ്കിലും നികുതികളെല്ലാം പഴയപടി നൽക്കുന്നതിനാൽ ലാഭമില്ലെന്നതാണ് ബാറുടമകളുടെ പരാതി. കൊവിഡ് നിയന്ത്രണങ്ങൾ ഏതെല്ലാം വിധത്തിലാണ് ബാറുകളിൽ അനുവർത്തിക്കേണ്ടതെന്ന മാർഗ നിർദേശങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. ബാറുകൾ തുറക്കുന്നതു സംബന്ധിച്ച് ഉന്നത തലത്തിൽ ചർച്ചകൾ തുടരുകയാണ്.
പാഴ്സൽ ലാഭമല്ല
ഇപ്പോഴത്തെ പാഴ്സൽ വിൽപനയ്ക്ക് ഒരു ലാഭവുമില്ലെന്നാണ് നഗരത്തിലെ ഒരു ബാറുടമ പറയുന്നത്. ആകെ ലഭിക്കുന്ന 16 ശതമാനം ലാഭത്തിൽ മാർജിനിൽ 10% ടേൺ ഓവർ ടാക്‌സായി തിരികെ അടയ്ക്കണം. പരമാവധി ചില്ലറ വില്പന വിലയുടെ 6 ശതമാനമാണ് ലാഭം. അതിൽ നിന്ന് ശമ്പളം, വൈദ്യുതി ബിൽ, ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ. വർഷത്തിലൊരിക്കൽ 30 ലക്ഷം രൂപ സർവീസ് ചാർജുണ്ട്.
ലൈസൻസ് കാത്ത്
കൊവിഡില്ലായിരുന്നെങ്കിൽ ജില്ലയിലെ ബാറുകളുടെ എണ്ണം ഇനിയും കൂടിയേനെ. പുതുതായി പണികഴിപ്പിച്ച നാലോളം ഹോട്ടലുകൾ ലൈസൻസിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.
ബാറുകൾ പൂർണമായ തോതിൽ തുറക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. കൃത്യമായ നിർദേശമെത്തിയാൽ അതനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളും. പുതിയ ബാറുകൾക്കുള്ള അപേക്ഷ പരിശോധിച്ച് ഡയറക്ടറേറ്റിലേയ്ക്ക് നൽകിയിട്ടുണ്ട്
എ,.ആർ.സുൽഫിക്കർ
ജില്ലയിൽ 49 ബാറുകൾ
31 ബിയർ പാർലറുകൾ