കടപ്പാട്ടൂർ : ഉദ്ഘാടനം നടത്തി ഒന്നര മാസത്തിനകം ചോർന്നൊലിക്കുന്ന അങ്കണവാടി. കുട്ടികൾക്ക് കൊടുക്കാൻ കൊണ്ടുവന്ന അരി പോലും വെള്ളം വീണ് നശിച്ചു. തുറന്നു കിടക്കുന്ന വൈദ്യുതി മീറ്ററും ഫ്യൂസും വയറിംഗും. ഭിത്തിയിൽ തൊട്ടാൽ ഷോക്കടിക്കും. 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മുത്തോലി പഞ്ചായത്തിലെ ആറാം വാർഡിലുള്ള കടപ്പാട്ടൂർ അങ്കണവാടിയുടെ ദൈന്യാവസ്ഥയാണിത്.

ഇക്കഴിഞ്ഞ ജൂൺ 10 നാണ് പകുതി പണി തീർത്ത അങ്കണവാടിയുടെ ഉദ്ഘാടനം 'ഓടിച്ചിട്ട് ' നടത്തിയത്. മുൻവശമൊക്കെ ഒന്ന് മിനുക്കി വെള്ളയടിച്ച് ഒരു ഉദ്ഘാടനം. രണ്ടാഴ്ച പിന്നിട്ടപ്പോഴുണ്ടായ കനത്ത മഴയിൽ വാർക്കയുടെ 'ഗുണം' തെളിഞ്ഞു. ക്ലാസ് മുറിയിലും അടുക്കളയിലുമൊക്കെ വെള്ളം. ജീവനക്കാർ പഞ്ചായത്തിൽ വിവരം അറിയിച്ചു. എല്ലാം ശരിയാക്കാമെന്ന മറുപടി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ രണ്ട് ചിത്രകാരന്മാർ എത്തി. ഭിത്തിയിൽ ആമയുടെയും മുയലിന്റെയും പടം വരയ്ക്കാൻ.

ചോർച്ചയ്ക്ക് കാരണം

നിർമ്മാണ വേളയിൽ വാർക്കയുടെ പാരപ്പറ്റ് നീട്ടിയിടാത്തതിനാൽ വെള്ളം ഭിത്തിയിലൂടെ ഊർന്നിറങ്ങുന്നതും, വാർക്കമേൽ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് പെറ്റു പെരുകുകയാണ്. കെട്ടിടം പണിയാൻ ഉപയോഗിച്ച 10 ലക്ഷം രൂപയിൽ നാമമാത്രമായ തുകയേ മുത്തോലി പഞ്ചായത്തന്റേതായുള്ളൂ. എന്നിട്ടും പണി തീരാതെ 'ഉദ്ഘാടിക്കാൻ ' തിരക്ക് കൂട്ടിയതാണ് വിവാദമായിട്ടുള്ളത്.


പണിതീർന്നതല്ല; ഉടൻ തുടരും
അങ്കണവാടിയുടെ പണികൾ പൂർത്തീകരിച്ചിട്ടില്ലെന്ന് മുത്തോലി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ എൻ. മായാദേവി പറഞ്ഞു. കെട്ടിടത്തിന് ഷെയ്ഡ് വാർക്കാനും, പുറം ഭിത്തി സിമിന്റ് തേയ്ക്കാനും, മുൻവശത്ത് ഷീറ്റിടാനുമുണ്ട്. ഇത് ഉടൻ ആരംഭിക്കുമെന്നും അവർ പറഞ്ഞു.