കട്ടപ്പന: കൊവിഡിന്റെ പേരിൽ തുടർച്ചയായി തൂക്കുപാലം ടൗൺ അടച്ചിടുന്നതു മൂലം വ്യാപാരികൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെ.വി.വി.ഇ.എസ്. യൂണിറ്റ് കമ്മിറ്റി. രോഗം സ്ഥിരീകരിച്ച മേഖലയിലോ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ കൂടുതലുള്ള പ്രദേശങ്ങളിലോ നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പകരം ടൗൺ മുഴുവൻ അടച്ചിടുകയാണ്. ഇതു വ്യാപാരികളോടുള്ള വെല്ലുവിളിയാണെന്ന് പ്രസിഡന്റ് വി.എം. സാലി, സെക്രട്ടറി എൻ. ഭദ്രൻ, ജോയിന്റ് സെക്രട്ടറി കെ. സുബൈർ എന്നിവർ ആരോപിച്ചു.
നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് രോഗം സ്ഥിരീകരിച്ചതിന്റെ പേരിൽ 15 ദിവസവും കരുണാപുരം പഞ്ചായത്തിലെ ചോറ്റുപാറയിൽ രോഗം സ്ഥിരീകരിച്ചയാൾ ഇറച്ചിക്കടയിൽ വന്നതിന്റെ പേരിൽ 14 ദിവസവും കോവിഡ് ബാധിച്ച് മരിച്ചയാൾ തൂക്കുപാലത്തെ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ പേരിൽ 17 ദിവസവും ടൗൺ അടച്ചിട്ടു. കൊവിഡ് ബാധിച്ചയാൾ ചികിത്സ തേടി രോഗം മുക്തനായി തിരിച്ചെത്തിയിട്ടും ടൗണിലെ കടകൾ തുറക്കാൻ നടപടിയില്ല. തുടർച്ചയായുള്ള അടച്ചിടൽ മൂലം ടൗണിലെ 300ൽപ്പരം ചെറുകിട വ്യാപാരികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭൂരിഭാഗം പേരും ബാങ്കുകളിൽ നിന്നു വായ്പയെടുത്തിട്ടുള്ളവരാണ്. പ്രതിദിന തിരിച്ചടവ് അടക്കമുള്ളവ മുടങ്ങി. സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ വൻ തുക അടയ്‌ക്കേണ്ടിവരും. ബാങ്ക് വായ്പകൾക്ക് പലിശ ഒഴിവാക്കി തിരിച്ചടവിനു കൂടുതൽ സമയം അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിക്കുന്ന മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തി ടൗണിലെ മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് യൂണിറ്റ് കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി.