കട്ടപ്പന: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ ഒക്ടോബർ രണ്ടുവരെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ഒൻപത് മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾ, കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് പ്രധാനമന്ത്രിക്ക് കത്തെഴുതൽ, ചിത്രരചന, പ്രബന്ധ രചന, ഡിജിറ്റൽ പെയിന്റിംഗ്, ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ എം.വൈ.എൻ.ഇ.പി. എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് യഥാക്രമം 10000, 5000, 3000 രൂപ സമ്മാനം നൽകും. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഡോ. കസ്തൂരി രംഗന്റെ ഒപ്പോടുകൂടിയ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭിക്കും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് ഡോ. സി.വി. ആനന്ദബോസും ജില്ലാതല ഉദ്ഘാടനം ഭാരതീയ വിദ്യാനികേതൻ ജില്ലാ അദ്ധ്യക്ഷൻ ബാലകൃഷ്ണനും നിർവഹിക്കും.