കട്ടപ്പന: സംസ്ഥാനപാതയിൽ അജ്ഞാത വാഹനമിടിച്ച് കാൽനട യാത്രികന് ഗുരുതരമായി പരിക്കേറ്റു. വണ്ടിപെരിയാർ മുങ്കലാർ സ്വദേശി വിജയ(50) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ആറോടെ പുറ്റടി അജയൻകടയ്ക്കു സമീപത്തെ വളവിലാണ് അപകടം. വാഹനം ബ്രേക്ക് ചെയ്യുന്നതിന്റെ ശബ്ദവും ഒരാളുടെ കരച്ചിലും കേട്ട് സമീപവാസി എത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ വിജയൻ വഴിയരികിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ വണ്ടൻമേട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് വിജയനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ വണ്ടൻമേട് പൊലീസ് അന്വേഷണം ഊർജിതമാക്കി. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളുടെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.