hisna

ചങ്ങനാശേരി: പെൻസിൽ മുനയിൽ ബ്ലെയിഡും ചെറിയ കത്തിയും ഉപയോഗിച്ച് ചെറിയ അക്ഷരങ്ങൾ കൊത്തിയെടുക്കുക. ചങ്ങനാശ്ശേരി ചെത്തിപ്പുഴ പുറക്കടവ് സ്വദേശിനി ഹുസ്‌ന സാലിഹിന് ആദ്യം ഇതൊരു ഹോബിയായിരുന്നു. പിന്നീട് പെൻസിൽ കാർവിംഗ് ഹരമായി. അക്ഷരങ്ങൾ മാത്രമല്ല, മനുഷ്യ മുഖങ്ങളും വാഹനങ്ങളുടെയും പാവകളുടെയും രൂപങ്ങളും കൊത്തിത്തുടങ്ങി. പിന്നീടത് ചെറിയ വരുമാനമാർഗവുമായി. ഒടുവിൽ ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടവും നേടി.

വന്ദേമാതരത്തിന്റെ വരികൾ പെൻസിൽ മുനയിൽ കൊത്തിയത് വലിയ സന്തോഷമുണ്ടാക്കിയതായി ഹുസ്‌ന പറയുന്നു. അസംപ്ഷൻ കോളജ് അവസാന വർഷ ബി.ബി.എ വിദ്യാർത്ഥിനിയായ ഹുസ്‌ന ദേശീയ, അന്തർ ദേശീയ റിക്കോർഡിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. പിതാവ് അബ്ദുൾ സാലിഹ് കെ.എസ്.ആർ.ടി.സി. ചങ്ങനാശേരി ഡിപ്പോയിലെ ജീവനക്കാരനാണ്. പിതാവും അമ്മ അനീഷ സാലിഹും ഇളയ സഹോദരൻ സൽമാനും വലിയ പിന്തുണയാണ് ഹുസ്‌നക്ക് നൽകുന്നത്.

പെൻസിൽ കാർവിംഗിൽ ഇന്ത്യൻ ബുക്ക് ഒഫ് റിക്കാർഡിംഗിൽ ഇടം നേടിയ ചെത്തിപ്പുഴ പുറക്കടവ് സ്വദേശിനി ഹുസ്‌ന സാലിഹിന് കേരളാ യൂത്ത് ഫ്രണ്ട് എം ജോസഫ് വിഭാഗം ചങ്ങനാശേരിയിൽ സ്വീകരണം നല്കി. ഉപഹാരം കേരളാ യൂത്ത് ഫ്രണ്ട് എം ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം വി.ജെ.ലാലി ഹുസ്നയ്ക്ക് നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ പാലത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി സബീഷ് നെടുംമ്പറമ്പിൽ, ജില്ലാ സെക്രട്ടറി അഭിലാഷ് കൊച്ചുപറമ്പിൽ, നിയോജക മണ്ഡലം സെക്രട്ടറി ബെൻസൺ കുറിയാക്കോസ്, മണ്ഡലം പ്രസിഡന്റ് ടോണി ആയിരമല, ടിറ്റോ ടോം എന്നിവർ പങ്കെടുത്തു.