ചങ്ങനാശേരി: നഗരത്തിലെ മാലിന്യ പ്രശ്നത്തിനു പരിഹാരം കാണുന്നതിനായി നഗരസഭ ആരംഭിച്ച തുമ്പൂർമൂഴി മോഡൽ എയ്റോബിക് ബിന്നുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. മാലിന്യം തരംതിരിച്ചു ബിന്നുകളിൽ നിക്ഷേപിക്കുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും വേണ്ടത്ര ജീവനക്കാരില്ലാത്തതുമൂലം മാലിന്യവുമായെത്തുന്ന ആളുകൾ ബിന്നുകളുടെ സമീപത്തേക്ക് മാലിന്യ ചാക്കുകൾ വലിച്ചെറിയുകയാണ്. ചില ബിന്നുകളുടെ സമീപം മാലിന്യ ചാക്കുകൾ കുന്നുകൂടി പരിസരങ്ങൾ ദുർഗന്ധ പൂരിതമായി. മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ ബിന്നുകളുടെ സമീപങ്ങളിൽ വിഹരിക്കുന്നത് ആളുകൾക്ക് പേടിസ്വപ്നമായി മാറുകയാണ്.
ഒരെണ്ണം മാത്രം പ്രവർത്തനം കൃത്യം
പെരുന്ന ബസ് സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ്, മത്സ്യമാർക്കറ്റ്, വണ്ടിപ്പേട്ട, പൂവക്കാട്ടുചിറ (ടൗൺഹാൾ), ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് നഗരസഭ എയ്റോബിക് ബിന്നുകൾ സ്ഥാപിച്ചിട്ടുള്ളത്. സ്ഥാപിച്ച ആദ്യ നാളുകൾ പെരുന്ന ബസ് സ്റ്റാൻഡിലെ എയ്റോബിക് ബിന്നിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നെങ്കിലും പിന്നീട് പ്രവർത്തനം മുടങ്ങി. ഇപ്പോൾ എയ്റോബിക് ബിന്നിന്റെ പരിസരങ്ങളിൽ മാലിന്യം കുന്നുകൂടി ഡപിംഗ് യാർഡിനെക്കാൾ കഷ്ടമായ അവസ്ഥയിലാണ്. മഴപെയ്യുമ്പോൾ ചാക്കിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് മാലിന്യം ഒഴുകുന്നത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും സാംക്രമിക രോഗഭീഷണി ഉയർത്തുന്നുണ്ട്. ആളുകൾ എത്തിക്കുന്ന മാലിന്യം തരംതിരിച്ച് ഫിഷ്മാർക്കറ്റിലെ എയ്റോബിക് ബിന്നിൽ സംസ്കരണം നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. പച്ചക്കറി മാർക്കറ്റിലെ എയ്റോബിക് ബിൻ വെള്ളം കയറുന്ന ഭാഗത്ത് സ്ഥാപിച്ചതിനാൽ മഴക്കാലത്ത് ഇത് വെള്ളത്തിലാകുകയാണ് പതിവ്. ഇപ്പോൾ ഇതിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. പൂവക്കാട്ടുചിറയിലെ ബിന്നിന്റെ പ്രവർത്തനം നിലച്ച് നിലംപൊത്താറായ നിലയിലാണ്. ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച എയ്റോബിക് ബിന്നിൽ പുറത്തുനിന്നും മാലിന്യം എത്താത്തതിനാൽ ഇതുമാത്രം പ്രവർത്തിക്കുന്നുണ്ട്. ആശുപത്രി ജീവനക്കാരാണ് ഈ ബിന്നിന്റെ മേൽനോട്ടം വഹിക്കുന്നത്. മാലിന്യം തരംതിരിച്ച് ബിന്നുകളിൽ ശേഖരിക്കുന്നതിന് ജീവനക്കാരെ നിയോഗിച്ചാൽ പ്രശ്നത്തിന് കുറച്ചൊക്കെ പരിഹാരം കാണാനാകും. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.